മരക്കാര്‍ തിയേറ്റര്‍ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഉപാധികളൊന്നും വെച്ചിട്ടില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍. റിലീസ് പ്രഖ്യാപിച്ച സമയത്ത് മന്ത്രി സജി ചെറിയാന്‍ അറിയച്ചത് പോലെ ഉപാധികളില്ലാതെയാണ് മരക്കാര്‍ തിയേറ്ററിലെത്തുക. മിനിമം ഗ്യാരണ്ടി എന്നത് ആദ്യ എഗ്രിമെന്റിലേയാണ്. അത് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.
മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് കുറുപ്പ് ഉള്‍പ്പടെയുള്ള മറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ നിന്ന് മാറ്റില്ലെന്നും വിജയകുമാര്‍. മരക്കാര്‍ റിലീസ് സമയത്തും കുറുപ്പ് കളിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കുറച്ച് തിയേറ്ററുകള്‍ കുറുപ്പിന് ലഭിക്കും. മരക്കാറിന്റെ റിലീസ് ആദ്യത്തെ ദിവസം ചിലപ്പോള്‍ മറ്റ് ചിത്രങ്ങളെ ബാധിച്ചേക്കാം. അല്ലാതെ മരക്കാര്‍ റിലീസുകൊണ്ട് മറ്റ് ചിത്രങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.
വിജയകുമാര്‍ പറഞ്ഞത്:
'മരക്കാറിനൊപ്പം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നത് രണ്ട് സിനിമകളാണ്. ഭീമന്റെ വഴിയും അജഗജാന്തരവും. അതില്‍ അജഗജാന്തരം റിലീസ് മാറ്റിവെച്ചു. പിന്നെ കാവല്‍ നവംബര്‍ 25നാണ് റിലീസ്. ആ സിനിമ എന്തായാലും മരക്കാര്‍ റിലീസ് ചെയ്യുന്ന ആഴ്ച്ചയും തിയേറ്ററില്‍ തുടര്‍ന്ന് കളിക്കും. അതെല്ലാം കഴിഞ്ഞിട്ടുള്ള ബാക്കി തിയേറ്ററുകളിലെല്ലാം മരക്കാര്‍ റിലീസ് ചെയ്യും. പിന്നെ മരക്കാര്‍ റിലീസ് ചെയ്യുന്നു എന്ന് കരുതി കുറുപ്പോ മറ്റ് ചിത്രങ്ങളോ മാറ്റിവെക്കാനൊന്നും കഴിയില്ല. മരക്കാര്‍ റിലീസ് സമയത്തും കുറുപ്പ് കളിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കുറച്ച് തിയേറ്ററുകള്‍ കുറുപ്പിന് ലഭിക്കും. മരക്കാറിന്റെ റിലീസ് ആദ്യത്തെ ദിവസം ചിലപ്പോള്‍ മറ്റ് ചിത്രങ്ങളെ ബാധിച്ചേക്കാം. അല്ലാതെ മരക്കാര്‍ റിലീസുകൊണ്ട് മറ്റ് ചിത്രങ്ങള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാവില്ല.
ഇപ്പോഴത്തെ സിനിമകളുടെ റിലീസ് രീതി മാറി. ആദ്യ ദിവസം തന്നെ പരമാവധി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എന്നിട്ട് ആദ്യ ആഴ്ച്ച തന്നെ മാക്‌സിമം കളക്ഷന്‍ ഉണ്ടാക്കുക എന്നതാണ് നിലവില്‍ ചെയ്യുന്നത്. മരക്കാര്‍ തിയേറ്ററുകളില്‍ ഒരു ഉപാധിയും ഇല്ലാതെയാണ് റിലീസ് ചെയ്യുന്നത്. അതില്‍ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. മിനിമം ഗ്യാരണ്ടിയുടെ കാര്യം അവരുടെ ആദ്യ എഗ്രിമെന്റില്‍ ഉള്ളതാണ്. അതാണ് അവര്‍ തിയേറ്ററുകാര്‍ക്ക് അയച്ചുകൊടുത്തത്. അത് തെറ്റുപറ്റിപ്പോയി എന്ന് പറഞ്ഞ് പുതിയ എഗ്രിമെന്റ് എല്ലാവര്‍ക്കും അയച്ച് കൊടുത്തിരുന്നു.'