മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാൻ വിജയ് മക്കൾ ഇയക്കം ഭാരവാഹികളോട് അഭ്യർത്ഥിച്ച് നടൻ വിജയ്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിൽ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ഇറങ്ങണമെന്ന് വിജയ് തന്റെ ആരാധകരോട് എക്സിലൂടെ ആവശ്യപ്പെട്ടു.
വിജയ്‌യുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :
ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മിഷോങ് ചുഴലിക്കാറ്റിനേത്തുടർന്നുണ്ടായ കനത്ത മഴയിൽ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള പൊതുജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളവും ഭക്ഷണവുമില്ലാതെയും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാതെയും ആയിരക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ സഹായിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെയും നിരവധിപേർ അഭ്യർത്ഥിക്കുന്നു. ഈ വേളയിൽ, ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതിനായി സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ സന്നദ്ധപ്രവർത്തകരായി ഇറങ്ങണമെന്ന് എല്ലാ വിജയ് മക്കൾ ഇയക്കം ഭാരവാഹികളോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈ കോർപ്പറേഷനെതിരെ വിമർശനവുമായി നടൻ വിശാൽ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2015 ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആളുകൾ റോഡിലിറങ്ങിയിരുന്നു എന്നും എന്നാൽ 8 വർഷത്തിന് ശേഷം ഇതിലും മോശമായ അവസ്ഥ കാണുന്നത് ദയനീയമാണ് എന്നും വിശാൽ എക്സിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ നടൻ വിഷ്ണു വിശാലിനെയും ആമിർ ഖാനെയും ഫയർ ആൻഡ് റെസ്ക്യു വിഭാഗം രക്ഷപെടുത്തിയിരുന്നു.