വിജയ് ചിത്രങ്ങളുടെ ആദ്യ പ്രദർശനം തമിഴ്നാടൻ തിയറ്ററുകൾ ആഘോഷമാക്കാറുണ്ട്. നിലവിൽ പ്രതിസന്ധി നേരിടുന്ന തമിഴ് സിനിമയുടെ വാണിജ്യമേഖലയെ അടിമുടി ഉടച്ചുവാർക്കാൻ കെൽപ്പുള്ള ചിത്രവുമായാണ് വിജയും സംഘവും ഇക്കുറിയും എത്തുന്നത്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് ഇരട്ട വേഷത്തിലെത്തുന്ന GOAT തിയറ്ററുകളെ ഇളക്കി മറിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലും ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണമാണ്. പുലർച്ച 4 മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. പുലർച്ചയ്ക്കുള്ള പ്രദർശനങ്ങൾ മുഴുവൻ ഹൗസ് ഫുൾ ആയിരുന്നു എന്നാണ് റിപ്പോർട്ട്. പ്രീ സെയിൽ ബുക്കിങ്ങിൽ തന്നെ ചിത്രം റെക്കോർഡായിരുന്നു. കേരളത്തിലെ അഡ്വാന്‍സ് ബുക്കിങ് വിൽപ്പനയിൽ മാത്രം രണ്ട് കോടി രൂപയാണ് ചിത്രം നേടിയത്. തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായം ലഭിക്കുന്ന സാഹചര്യത്തിൽ GOAT കളക്ഷൻ റെക്കോർഡുകൾ തിരുത്തുമെന്നാണ് തമിഴകത്തിന്റെ പ്രതീക്ഷ. അതേ സമയം ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സ്ത്രീ 2 നെ റിലീസ് സാരമായി ബാധിക്കും.
ഗോട്ടിന്റെ മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 10.52കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നായിരുന്നു ഗോട്ടിന്റെ കുതിപ്പ്. നേരത്തെ അജിത്തിനെ നായകനാക്കി 'മങ്കാത്ത' എന്ന ഹിറ്റ് ചിത്രത്തിലൂടെ കഴിവ് തെളിയിച്ച വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് എത്തുമ്പോൾ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.
മങ്കാത്ത, ഗോവ , സരോജ, ചെന്നൈ 600028, മാനാട് എന്നീ ചിത്രങ്ങൾക്ക് ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മോഹൻ, അജ്മൽ അമീർ, യോഗി ബാബു, വിടിവ ഗണേഷ്, തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.