Goat ആദ്യ റിവ്യൂ ഇങ്ങനെ, ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷയിൽ ആരാധകർ

Goat ആദ്യ റിവ്യൂ ഇങ്ങനെ, ബ്ലോക്ക് ബസ്റ്റർ പ്രതീക്ഷയിൽ ആരാധകർ
Published on

GOAT ആദ്യ പ്രദർശനം കഴിയുമ്പോൾ ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിലെ ആദ്യ പ്രദർശനങ്ങൾ അവസാനിക്കുമ്പോൾ ആരാധകരെ തൃപ്തിയാക്കാൻ കെൽപ്പുള്ള ഒരു മെഗാ മാസ്സ് ചിത്രമാണ് GOAT എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരൂപകരുടെ ആദ്യ റിവ്യൂ പ്രകാരം ധാരാളം അപ്രതീക്ഷിത നിമിഷങ്ങളുള്ള ഒരു ത്രില്ലർ എന്റർടൈനറാണ് ചിത്രം. സിരകളെ ത്രസിപ്പിക്കുന്ന ആക്ഷൻ ചിത്രമാണ് GOAT എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള എക്‌സിൽ കുറിച്ചു. ചിത്രത്തിലെ വിജയുടെ ഇരട്ടവേഷം മികച്ചതാണെന്നും ഡീ ഏജിങ് ടെക്നോളജി ഗംഭീരമാണെന്നുമാണ് നിരൂപകൻ കൂട്ടിച്ചേർത്തത്. ചിത്രത്തിന്റെ ദൈർഘ്യമാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്ന ഒരു പോരായ്മ. അതേ സമയം സിനിമയിലെ വിജയുടെ പ്രകടനവും ട്വിസ്റ്റുകളും കാമിയോകളും മികച്ചതാണെന്ന് ട്രേഡ് അനലിസ്റ്റ് എ ബി ജോർജ് എക്‌സിൽ റിവ്യൂ നൽകി.

സംവിധായകൻ വെങ്കട്ട് പ്രഭുവിനും വലിയ രീതിയിലുള്ള നിരൂപക പ്രശംസയാണ് ഇപ്പോൾ ലഭിക്കുന്നത്. വെങ്കട്ട് പ്രഭു വാക്ക് പാലിച്ചു എന്നാണ് നിരൂപകൻ ഹരിചരൻ പുഡിപ്പെഡി എക്‌സിൽ കുറിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റായി നിരൂപകൻ ചൂണ്ടിക്കാട്ടുന്നത് ഇടവേളയിലെ രംഗങ്ങളാണ്. ചിത്രത്തിലെ മകൻ കഥാപാത്രം വിജയുടെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള ഒന്നാണെന്ന് സിനിമാ വിതരണക്കാരൻ കൂടിയായ വെങ്കി റിവ്യൂസ് ചിത്രത്തെക്കുറിച്ച് എക്‌സിൽ കുറിച്ചു.

വിജയ് ആരാധകർക്ക് ആഘോഷമാക്കാൻ കഴിയുന്ന ചിത്രമായിരിക്കും GOAT എന്ന് സംവിധായകൻ വെങ്കട്ട് പ്രഭു നേരത്തെ പറഞ്ഞിരുന്നു. ആ വാക്കുകളെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്ന പശ്ചാത്തലത്തിൽ കളക്ഷൻ റെക്കോർഡുകൾ ഓരോന്നായി തകർന്നുവീഴുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രതിസന്ധിയിലായിരുന്ന തമിഴ് സിനിമാ വാണിജ്യ മേഖലയെ ചിത്രം കരകയറ്റുമെന്നാണ് തിയറ്റർ ഉടമകളുടെയും പ്രതീക്ഷ. വിജയ് നായകനായി അവസാനമെത്തിയ ലിയോയും തിയറ്ററിൽ വലിയ വിജയമായിരുന്നു.

GOAT ന്റെ പ്രീ സെയിൽ കണക്കുകളും ചിത്രത്തിന് നൽകിയിരുന്നത് വലിയ പ്രതീക്ഷയാണ്. ചിത്രത്തിന്റെ മൊത്തം പ്രീ സെയില്‍ വരുമാനമായി കണക്കാക്കുന്നത് 10.52കോടിക്കും മുകളിലാണ്. ഈ വര്‍ഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയില്‍ കണക്കാണിത്. ഇന്ത്യന്‍ 2ന്റെ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറി കടന്നായിരുന്നു ഗോട്ടിന്റെ കുതിപ്പ്. നേരത്തെ അജിത്തിനെ നായകനാക്കി 'മങ്കാത്ത' എന്ന ഹിറ്റ് ചിത്രത്തിലൂടെ കഴിവ് തെളിയിച്ച വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് എത്തുമ്പോൾ പ്രതീക്ഷ വാനോളമാണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'.

Related Stories

No stories found.
logo
The Cue
www.thecue.in