'ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യുന്ന സംവിധായകൻ എസ് എ ചന്ദ്രശേഖരന്റെ തീരുമാനത്തിൽ തനിക്ക് പങ്കില്ലെന്ന് അറിയിച്ച് മകനും നടനുമായ വിജയ്. മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, തന്റെ പിതാവ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പാർട്ടിയും താനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി. 'എന്റെ പിതാവ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയും ഞാനും തമ്മിൽ നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് ഞാൻ എന്റെ ആരാധകരെയും പൊതുജനങ്ങളെയും അറിയിക്കുന്നു,' വിജയുടെ പ്രസ്താവനയിൽ പറയുന്നു.
പാർട്ടിയിൽ ചേരുകയോ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് അഭ്യർത്ഥിച്ചു. തന്റെ പിതാവ് രാഷ്ട്രീയമായി ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ പാർട്ടിയും ആരാധക സംഘവുമായി യാതൊരു ബന്ധവുമില്ല. പാർട്ടി പ്രചരണങ്ങൾക്കായി തന്റെ പേരോ ഫോട്ടോയോ ഉപയോഗിച്ചാൽ കർശന നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്നും വിജയ് മുന്നറിയിപ്പ് നൽകി.
വിജയ്‍യുടെ ആരാധക സംഘടനയായ 'ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്നതാണ് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ചിരിക്കുന്നത്. വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. ഇക്കാര്യം എസ്.എ ചന്ദ്രശേഖര്‍ എന്‍.ഡി.ടി.വിയോട് ശരിവെക്കുകയും ചെയ്തിരുന്നു. പുതിയ പാര്‍ട്ടി വിജയ്‍യുടെതല്ലെന്നും തന്‍റെ നേതൃത്വത്തിലുള്ളതാണെന്നും മകന്‍ വിജയ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുമോയെന്നതില്‍ പ്രതികരണത്തിനില്ലെന്നുമായിരുന്നു എസ്.എ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പ്രസിഡന്റായി പത്മനാഭന്‍ എന്നിവരും ട്രഷററായി വിജയ്‍യുടെ അമ്മ ശോഭയുടെ പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയിട്ടുളളത്. നിരവധി വെല്‍ഫയര്‍ അസോസിയേഷനുകള്‍ കൂട്ടിചേര്‍ത്ത് 1993ലാണ് 'ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ വിജയ് ആരാധക സംഘം ആരംഭിക്കുന്നത്.