സംസ്ഥാനത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നതവിജയംനേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങിൽ അസുരൻ സിനിമയിലെ ഡയലോഗ് പറഞ്ഞു നടൻ വിജയ്. 'നമ്മുടെ കയ്യിൽ ഭൂമി ഉണ്ടെങ്കിൽ അതിനെ തട്ടിയെടുക്കും പണം ഉണ്ടെങ്കിൽ പിടിച്ചുപറിക്കും പക്ഷെ വിദ്യാഭ്യാസം മാത്രം ആർക്കും തട്ടിയെടുക്കാൻ സാധിക്കില്ല' എന്ന ഡയലോഗ് പറഞ്ഞാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. തന്നെ ഒരുപാട് ചിന്തിപ്പിച്ച സംഭാഷണം ആണിതെന്നും അതിലെ ഓരോ കാര്യവും 100 ശതമാനം ശരിയാണെന്നും വിജയ് പറഞ്ഞു. കൂടാതെ പണം വാങ്ങി വോട്ട് കൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും വിജയ് വിദ്യാർത്ഥികളോട് പറഞ്ഞു.
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് വിജയ് ഉപഹാരവും കാഷ് അവാര്‍ഡും സമ്മാനിച്ചു. നടന്‍ വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ആണ് ചടങ്ങ് സംഘടിപ്പിച്ചത്. നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയ്‍യുടെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. ചിത്രത്തിലെ ആദ്യ ഗാനം വിജയ്‌യുടെ പിറന്നാൾ ദിനമായ ജൂൺ 22ന് പുറത്തിറങ്ങും.