റീ റിലീസിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് വിജയ് ചിത്രം ഗില്ലി. ഏപ്രിൽ 20ന് തിയറ്ററിലെത്തിയ ചിത്രം ഇതുവരെ ഇന്ത്യയിലും വിദേശത്തുമായി 20 കോടി രൂപയാണ് നേടിയത്. ഇപ്പോൾ ഗില്ലി കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ. 20 വർഷങ്ങൾക്ക് ശേഷം, അതേ സിനിമ, അതേ മാജിക്, കാലങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഈ ആഹ്ളാദത്തിൽ മനസ് നിറഞ്ഞെന്നും വിദ്യാസാഗർ കുറിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാനെന്നും വിദ്യാസാഗർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു.
റീ റിലീസുകളിൽ 20 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. രണ്ടാം സ്ഥാനത്ത് പവൻ കല്യാണിന്റെ ഖുഷിയാണ്. ചിത്രം 7.46 കോടി രൂപയാണ് കളക്ട് ചെയ്തത്. മഹേഷ് ബാബുവിന്റെ ബിസിനസ്മാൻ ആണ് മൂന്നാം സ്ഥാനത്ത്. 5.85 കോടിയാണ് ചിത്രം റീ റിലീസിൽ കളക്ട് ചെയ്തത്. മോഹൻലാൽ നായകനായ സ്ഫടികം ആണ് നാലാം സ്ഥാനത്ത് റീ റിലീസിലൂടെ 4.90 കോടി രൂപയാണ് കളക്ട് ചെയ്തത്.
2004 ൽ എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി, തൃഷ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.