'ഉർവശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി, ഫഹദ് ഫാസിലിന്റെ സിനിമകൾ അതിശയകരം, ബേസിൽ ജോസഫിനെയും അന്ന ബെന്നിനെയും ഇഷ്ടം'; വിദ്യ ബാലൻ

'ഉർവശി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടി, ഫഹദ് ഫാസിലിന്റെ സിനിമകൾ അതിശയകരം, ബേസിൽ ജോസഫിനെയും അന്ന ബെന്നിനെയും ഇഷ്ടം'; വിദ്യ ബാലൻ
Published on

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഉർവശിയെന്ന് നടി വിദ്യ ബാലൻ. സിനിമയിൽ കേമഡി വേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ഉർവശിയും ശ്രീദേവിയുമാണ് എന്നും ഹിന്ദി സിനിമയിൽ ആരും സ്ത്രീകൾക്ക് വേണ്ടി കോമഡി കഥാപാത്രങ്ങൾ എഴുതാറില്ലെന്നും വിദ്യ ബാലൻ പറയുന്നു. മലയാളത്തിൽ ഫഹദ് ഫാസിൽ ചെയ്യുന്ന കഥാപാത്രങ്ങൾ അതിശയകരമാണെന്നും ബേസിൽ ജോസഫിനെയും അന്ന ബെനിനെയും തനിക്ക് ഇഷ്ടമാണെന്നും എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ വിദ്യ ബാലൻ പറഞ്ഞു.

വിദ്യ ബാലൻ പറഞ്ഞത്:

ഹിന്ദിയിൽ ആരും സ്ത്രീകൾക്ക് വേണ്ടി കോമഡി കഥാപാത്രങ്ങൾ എഴുതാറില്ല. പക്ഷേ ഇവിടെ അങ്ങനെയല്ല, ഉർവശി ചേച്ചി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ്. പിന്നെ ശ്രീദേവിയും. അതിന് ശേഷം ആരെങ്കിലും കോമഡി റോളുകൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. എപ്പോഴൊക്കെ ഞാൻ കോമഡി ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവോ അപ്പോഴൊക്കെ എനിക്ക് ആദ്യം ഓർമയിൽ വരുന്നത് ഉർവശിയും ശ്രീദേവിയുമാണ്. അവിടെ അത്തരത്തിലുള്ള കഥാപാത്രങ്ങൾ ആരും എഴുതാറില്ല. എനിക്ക് കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ വളരെയാധികം ആ​ഗ്രഹമുണ്ട്. അങ്ങനെയാണ് ഞാൻ ഇസ്റ്റ​ഗ്രാം റീൽസിൽ കോമഡി റീലുകൾ ചെയ്യാൻ തുടങ്ങിയത്. ഞാൻ വളരെ ആസ്വദിച്ചാണ് ഞാൻ അത് ചെയ്യാറുള്ളത്. അത് കണ്ടിട്ട് എല്ലാവരും നന്നായിട്ടുണ്ടെന്നും എന്നോട് പറയാറുണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകൾ ഉള്ളതുകൊണ്ട് തന്നെ ഒരുപാട് മലയാളം സിനിമകൾ ഞങ്ങൾ ഇപ്പോൾ കാണുന്നുണ്ട്. ഇവിടെ ഒരു സിനിമയിലേക്ക് വരുമ്പോൾ അതൊരു ശക്തമായ കഥാപാത്രമായിരിക്കണമെന്നാണ് എന്റെ ആ​ഗ്രഹം. ഫഹദിന്റെ വർക്കുകൾ‌ എനിക്ക് വളരെ ഇഷ്ടമാണ്. അതിശയകരമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, അന്ന ബെൻ അങ്ങനെ കുറേ പേരെ എനിക്ക് വളരെ ഇഷ്ടമാണ്. വിദ്യ ബാലൻ കൂട്ടിച്ചേർത്തു.

കാർത്തിക് ആര്യൻ നായകനാകുന്ന ഭൂൽ ഭുലയ്യ 3 ആണ് വിദ്യാ ബാലന്റേതായി ഇനി റിസീനെത്താനിരിക്കുന്ന ചിത്രം. ചിത്രത്തിൽ മഞ്ജുളിക എന്ന കഥാപാത്രമായിട്ടാണ് വിദ്യയെത്തുന്നത്. ചിത്രം നവംബർ 1 ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in