WCC വിടുന്നുവെന്ന് വിധു വിന്‍സെന്റ്, 'ആത്മവിമര്‍ശനത്തിന്റെ കരുത്ത് വിമന്‍ ഇന്‍ കളക്ടീവിന് ഉണ്ടാകട്ടെ'

WCC വിടുന്നുവെന്ന് വിധു വിന്‍സെന്റ്, 'ആത്മവിമര്‍ശനത്തിന്റെ കരുത്ത് വിമന്‍ ഇന്‍ കളക്ടീവിന് ഉണ്ടാകട്ടെ'
Published on

മലയാള ചലച്ചിത്രലകോകത്തെ കൂട്ടായ്മയായ വിമന്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ വിധു വിന്‍സന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാലാണ് wcc ക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും വിധു വിന്‍സന്റ്. മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് wcc ക്ക് ഉണ്ടാകട്ടെ എന്നും വിധു ആശംസിക്കുന്നു.

വിധു വിന്‍സന്റിന്റെ കുറിപ്പ്

വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാല്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്.പലപ്പോഴും WCC യുടെ നിലപാടുകള്‍ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയില്‍ മാധ്യമ സുഹൃത്തുക്കള്‍ ഇത് ഒരു അറിയിപ്പായി കരുതുമല്ലോ. സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും WCC തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും, ഒപ്പം മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് WCC ക്കുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.

വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടിയും സുതാര്യമായ അന്വേഷണവും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിക്കൊണ്ടാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന ചലച്ചിത്രകൂട്ടായ്മക്ക് തുടക്കമിടുന്നത്. മലയാള ചലച്ചിത്ര രംഗത്ത് വനിതകള്‍ നേരിടുന്ന വിവിധ തലങ്ങളിലൂടെ ചൂഷങ്ങളും തൊഴില്‍പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരുന്നതായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനം. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമാ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. സ്ത്രീകളുടെ വേതനം, തൊഴില്‍ സാഹചര്യം, ചൂഷണം എന്നിവ മുന്‍നിര്‍ത്തിയായിരുന്നു കമ്മിഷന്റെ പഠനം. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുവെന്നത് ഉള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍, റിമാ കല്ലിങ്കല്‍,സജിതാ മഠത്തില്‍, വിധു വിന്‍സെന്റ് എന്നിവരുള്‍പ്പെടെ ആയിരുന്നു വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സ്ഥാപക അംഗങ്ങള്‍. മഞ്ജു വാര്യര്‍ പിന്നീട് സംഘടനയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപീനെ പിന്തുണച്ചതില്‍ വിമര്‍ശനം നേരിട്ട താരസംഘടന അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവവുമായി. ജയില്‍ മോചിതനായ ശേഷം ദിലീപിനെ നായകനാക്കി സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്ത ബി ഉണ്ണിക്കൃഷ്ണന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി വിധു വിന്‍സെന്റ് സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമ സംവിധാനം ചെയ്തത് സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നുവെന്നാണ് അറിയുന്നത്. വനിതാ കൂട്ടായ്മയെ പരോക്ഷമായി വിമര്‍ശിക്കുന്ന രീതിയിലായിരുന്നു സ്റ്റാന്‍ഡ് അപ്പ് ലോഞ്ചില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in