ഒരുത്തീ സിനിമയുടെ സക്‌സസ് പ്രസ്മീറ്റില്‍ വെച്ച് വിനായകന്‍ മീടുവിനെ കുറിച്ച് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സെന്റ്. വിനായകന്‍ പറഞ്ഞതെല്ലാം സ്ത്രീകളെ അരമാനിക്കുന്നതാണ്. അതിനാല്‍ വിനായകന്‍ മാപ്പ് പറയണമെന്നാണ് വിധു വിന്‍സന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
വിധു വിന്‍സന്റിന്റെ കുറിപ്പ്:
ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടത്.
മീ ടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു വിനായകന്‍ പറഞ്ഞത്. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കില്‍ താനത് ഇനിയും ചെയ്യുമെന്നും താരം പറഞ്ഞിരുന്നു. നവ്യ നായരും വികെ പ്രകാശം വേദിയിലിരിക്കുമ്പോഴായിരുന്നു വിനായകന്റെ പരാമര്‍ശങ്ങള്‍.