'വട ചെന്നൈ'യിൽ അല്ലു അർജുൻ ഉണ്ടാകേണ്ടതായിരുന്നു'; ജൂനിയർ എൻ.ടി.ആർ-നൊപ്പമുള്ള ചിത്രം ചർച്ചയിലെന്ന് വെട്രിമാരൻ

'വട ചെന്നൈ'യിൽ അല്ലു അർജുൻ ഉണ്ടാകേണ്ടതായിരുന്നു'; ജൂനിയർ എൻ.ടി.ആർ-നൊപ്പമുള്ള ചിത്രം ചർച്ചയിലെന്ന് വെട്രിമാരൻ
Published on

വട ചെന്നൈയിൽ അല്ലു അർജുൻ ഉണ്ടാകേണ്ടതായിരുന്നുവെന്നും, അന്നത് സംഭവിക്കാതെ പോയതാണ് എന്നും സംവിധായകൻ വെട്രിമാരൻ. 'ആടുകള'ത്തിന് ശേഷം താൻ അല്ലു അർജുനെ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് തമിഴ് സിനിമ ചെയ്യാൻ താല്പര്യമുണ്ട് എന്ന് അറിയിച്ചപ്പോൾ, 'വട ചെന്നൈ' യുടെ കഥ പറയുകയുമുണ്ടായി. പിന്നീട് ആ കഥാപാത്രത്തെ മാറ്റിയെഴുതുകയാൽ അത് സംഭവിക്കാതെ പോവുകയായിരുന്നു എന്നും വെട്രിമാരൻ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'വിടുതലൈ' യുടെ പ്രചാരണത്തിന്റെ ഭാഗമായി ഹൈദരാബാദ് വച്ചു നടന്ന പത്രസമ്മേളത്തിലാണ് വെട്രിമാരൻ സംസാരിച്ചത്.

ആടുകളത്തിന് ശേഷം മഹേഷ് ബാബുവിനെയും, 'അസുരന്' ശേഷം ജൂനിയർ എൻ.ടി.ആർ-നേയും കണ്ട് കഥകൾ പറഞ്ഞിരുന്നുവെന്ന് വെട്രിമാരൻ പറഞ്ഞു. ജൂനിയർ എൻ.ടി.ആറുമായി ചെയ്യുന്ന സിനിമയെ പറ്റി ചർച്ചകൾ നടക്കുകയാണ്. തനിക്ക് ഒരു സിനിമക്ക് ശേഷം അടുത്ത സിനിമയിലേക്ക് കൂടുതൽ സമയം എടുക്കുന്നത് കൊണ്ടാണ് സിനിമകൾ വൈകുന്നത് എന്നും വെട്രിമാരൻ പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിടുതലൈ. കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ സൂരിയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരാണ്.

ജയമോഹന്റെ ''തുണൈവൻ'' എന്ന ചെറുകഥയെ ആസ്പദമാക്കിയ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കാട്ടിൽ വിവിധ ചെക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് സൂരി വേഷമിടുന്നത്. 'മക്കൾ പടൈ' എന്ന സർക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാർ എന്ന കഥാപാത്രമായി വിജയ് സേതുപതി വേഷമിടുന്നു. വാദ്യാരെയും മക്കൾ പടൈയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ വീണ്ടും ഒരിക്കൽ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരൻ.

Related Stories

No stories found.
logo
The Cue
www.thecue.in