വിജയ് സാറുമായി വളരെക്കാലം മുതലേ ഒരു സിനിമ ചെയ്യാനുള്ള ഡിസ്കഷനിലാണെന്ന് സംവിധായകൻ വെട്രിമാരൻ. ഇപ്പോഴത്തെ തന്റെ കമ്മിറ്റ്മെന്റ്റുകൾ തീർന്നയുടൻ അദ്ദേഹത്തിനോട് സിനിമയുടെ ഐഡിയ പറയും. അദ്ദേഹത്തിന് കഥ ഇഷ്ട്ടപ്പെട്ടാൽ മാത്രം സിനിമയുമായി മുന്നോട്ട് പോകുമെന്നും വെട്രിമാരൻ പറഞ്ഞു. തമിഴ് സിനിമ ജോർണലിസ്റ്റ് യൂണിയന്റെ ചടങ്ങിലാണ് വെട്രിമാരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂര്യയെ നായകനാക്കി ഒരുങ്ങുന്ന 'വാടി വാസൽ' പ്രീ പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണെന്നും 'വിടുതലൈ' രണ്ടാം ഭാഗം റിലീസ് ആയതിനു ശേഷം വാടി വാസൽ ആരംഭിക്കുമെന്നും വെട്രിമാരൻ ചടങ്ങിൽ പറഞ്ഞു. ചിത്രത്തിനായി ലണ്ടനിൽ അനിമട്രോണിക്‌സ് വഴി കാളയുടെ ഒരു റോബോട്ട് ഉണ്ടാക്കുകയാണ്. സൂര്യ സാർ വളർത്തുന്ന കാളയെ സ്കാൻ ചെയ്ത് അതെ രൂപത്തിലാണ് റോബോട്ടിനെ ഉണ്ടാക്കുന്നതെന്നും വെട്രിമാരൻ പറഞ്ഞു. അതിനു ശേഷം തന്റെ ഇപ്പോഴത്തെ കമ്മിറ്റ്മെന്ററുകൾ തീർന്നാലുടൻ 'വടചെന്നൈ 2' ആരംഭിക്കുമെന്നും വെട്രിമാരൻ പറഞ്ഞു.
സൂര്യ പ്രധാന വേഷത്തിലെത്തുന്ന 'വാടി വാസൽ' നിർമിക്കുന്നത് വി ക്രീയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആണ്. സംഗീതം ജി.വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം ആർ.വേൽരാജ് നിർവഹിക്കുന്നു. ജെല്ലിക്കെട്ട് കാളയുമായി സൂര്യ പരിശീലിക്കുന്നതിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുൻപ് പുറത്തിറക്കിയിരുന്നു.
വിടുതലൈ ഭാഗം രണ്ടാണ് വെട്രിമാരന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുന്ന ചിത്രം ഈ വര്ഷം അവസാനത്തോടുകൂടി പ്രദർശനത്തിനെത്തും. സൂരി, വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, ഭവാനി ശ്രീ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് മികച്ച പ്രേക്ഷക പ്രശംസ ആണ് ലഭിച്ചത്. ജയമോഹന്റെ ''തുണൈവന്‍'' എന്ന ചെറുകഥയെ ആസ്പദമാക്കിയ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്.