ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. തമിഴ് പശ്ചാത്തലത്തിൽ ധ്യാൻ ശ്രീനിവാസന്റെയും പ്രണവ് മോഹൻലാലിൻറെയും കഥാപാത്രത്തെ കാണിച്ച് കൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. ഒപ്പം ചിത്രത്തിലെ മറ്റു അഭിനേതാക്കളും ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വിന്റേജ് ഫീൽ ടീസറിൽ ഉടനീളം കാണാം. പഴയ കാലവും പുതിയ കാലവും ഇടകർത്തിയ കഥപറച്ചിലായിരിക്കും ചിത്രത്തിന്റേതെന്നാണ് ടീസർ നൽകുന്ന സൂചന. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഏപ്രിൽ 11ന് തിയറ്ററിലെത്തും.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.