ഗായിക വാണി ജയറാം അന്തരിച്ചു

ഗായിക വാണി ജയറാം അന്തരിച്ചു
Published on

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു. എട്ടാം വയസില്‍ ആകാശവാണിയിലാണ് വാണി ജയറാം ആദ്യമായി പാടുന്നത്.

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചു. മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു.

അഞ്ച് ദശാബ്ദം നീണ്ട് നില്‍ക്കുന്നതാണ് വാണി ജയറാം എന്ന ഗായികയുടെ ആലാപന ജീവിതം. 1971ല്‍ പുറത്തിറങ്ങിയ ഗുഡ്ഡി എന്ന സിനിമയിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം ശ്രദ്ധേയയാവുന്നത്.

ആയിരത്തില്‍ അധികം ഇന്ത്യന്‍ സിനിമകളില്‍ പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് ആലപിച്ചു. സിനിമ ഗാനങ്ങള്‍ക്ക് പുറമെ നിരവധി ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മലയാളത്തിലേക്ക് വാണി ജയറാമിനെ കൊണ്ട് വരുന്നത് സലില്‍ ചൗധരിയാണ്. സ്വപ്‌നം എന്ന ചിത്രത്തിലാണ് ആദ്യമായി മലയാളത്തില്‍ ആലപിച്ചത്.

അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം അഭ്യസിക്കുന്നത്. തന്റെ അഞ്ചാം വയസ് മുതല്‍ സംഗീത പഠനം ആരംഭിച്ചു. 1945, നവംബര്‍ 30ന് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാം ജനിച്ചത്. പിതാവ് : ദുരൈസ്വാമി ഐങ്കാര്‍, മാതാവ് : പദ്മാവതി. കലൈവാണി എന്നാണ് ശരിയായ പേര്. വാണി എന്നത് വീട്ടില്‍ വിളിച്ചിരുന്ന പേരായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in