ബോക്സ് ഓഫിസിൽ മികച്ച തുടക്കവുമായി മാരി സെൽവരാജ് ചിത്രം 'വാഴൈ'. പ്രമുഖ നടന്മാരുടെ ആരുടേയും സാന്നിധ്യമില്ലാതെ വന്ന ചിത്രം തിയറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. 11.25 കോടി രൂപയാണ് ആദ്യ വാരത്തിൽ തന്നെ ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത്.
തമിഴ്നാട്ടിലും ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന്റെ ഇതുവരെയുള്ള പ്രകടനം അതിശയകരമാണ്. സംവിധായകൻ മാരി സെൽവരാജിന്റെ ജീവിതത്തിലുണ്ടായ സംഭവം ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുൻനിര താരങ്ങളില്ലാതെ എത്തിയ ചിത്രമെന്ന നിലയിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ആദ്യ വാര കളക്‌ഷനാണ് ചിത്രത്തിന്റേത്. പരിയേറും പെരുമാൾ, കർണ്ണൻ, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ സംവിധായകനാണ് മാരി സെൽവരാജ്.
മലയാളി നടി നിഖില വിമൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണ് 'വാഴൈ'. പൂങ്കൊടി എന്ന സ്കൂൾ ടീച്ചറായാണ് നിഖില സിനിമയിൽ വേഷമിട്ടിരിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നവ്വി സ്റ്റുഡിയോയ്സ് , ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, ഫാർമേഴ്‌സ് മാസ്റ്റർ പ്ലാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. പൊൻവേൽ എം, രാകുൽ ആർ, കലൈയരസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും മാരി സെൽവരാജ് തന്നെയാണ്. ഛായാഗ്രഹണം തേനി ഈശ്വർ. റെഡ് ജയന്റ് മൂവിസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായങ്ങളുമായി ധാരാളം സംവിധായകർ മുന്നോട്ട് വന്നിരുന്നു. ബാല, സുധ കൊങ്കര, റാം, മിഷ്കിൻ തുടങ്ങിയ സംവിധായകരാണ് ചിത്രത്തിന് പ്രശംസയുമായി എത്തിയത്.
ചിത്രം തമിഴ് സിനിമയുടെ ഗതി മാറ്റും എന്നാണ് സംവിധായകൻ ഷങ്കർ പറഞ്ഞത്. ആഴമുള്ള ഒരനുഭവമാണ് സിനിമ നൽകിയത്. അതുണ്ടാക്കി ആഘാതത്തിൽ നിന്ന് ഇനിയും പുറത്ത് വരാനായിട്ടില്ല. ചിത്രത്തിലെ കുട്ടികൾ അനുഭവിക്കുന്ന സംഘർഷം പ്രേക്ഷകർക്കും അനുഭവിക്കാൻ കഴിയും. ഇനിമുതൽ എപ്പോൾ വാഴപ്പഴം കണ്ടാലും താൻ ചിത്രത്തിലെ കഥാപാത്രങ്ങളെ ഒരുക്കുമെന്നും സിനിമയുടെ പ്രതികരണമായി പുറത്തുവിട്ട വീഡിയോയിൽ ഷങ്കർ പറഞ്ഞു.