പയ്യ, സണ്ടക്കോഴി എന്നീ സിനിമകളിലൂടെ തമിഴ് സിനിമയിൽ സുപരിചിതനായ സംവിധായകനാണ് എൻ ലിങ്കുസ്വാമി. കമൽ ഹാസനെ നായകനാക്കി രമേഷ് അരവിന്ദ് സംവിധാനം ചെയ്ത ഉത്തമ വില്ലൻ എന്ന ചിത്രത്തിന്റെ സഹ നിർമാതാക്കളിലൊരാളായിരുന്നു അദ്ദേഹം. എന്നാൽ ആ ചിത്രം തന്നെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടുവെന്ന് തുറന്ന് പറയുകയാണ് നിർമാതാവും സംവിധായകനുമായ ലിങ്കുസ്വാമി. പരാതി പറയുകയല്ല, പക്ഷേ ആ ചിത്രം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നതാണ് സത്യം. അതിന് പകരമായി ഒരു സിനിമ ചെയ്തു തരാം എന്ന് കമൽ ഹാസൻ പറഞ്ഞു എന്നും ലിങ്കുസ്വാമി പറഞ്ഞു. 2015 ൽ റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ് ഉണ്ടായത്. സിനിമ പൂർത്തിയായതിന് ശേഷം താൻ അതിൽ കുറച്ച് തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും കമൽഹാസൻ അത് സമ്മതിക്കുകയും എന്നാൽ പിന്നീട് അത് തിരുത്താതെ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഒരു തമിഴ് ഓൺലെെൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലിങ്കുസ്വാമി പറഞ്ഞു.
ലിങ്കുസ്വാമി പറഞ്ഞത്:
ഞാൻ പരാതി പറയുന്നില്ല, എന്നാൽ ആ സിനിമ എന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നതാണ് സത്യം. അതിന് വേണ്ടി ഒരു സിനിമ ചെയ്തു തരാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. 30 കോടിയ്ക്ക് ഒരു സിനിമ ചെയ്ത് തരാം എന്ന് അദ്ദേഹം എഴുതി തന്നു. ഞാൻ അദ്ദേഹത്തിന് പ്രഷർ ഒന്നും കൊടുത്തിരുന്നില്ല. അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൊണ്ട് തന്നെ ഇടയ്ക്കിടെയ്ക്ക് പോയി ഞാൻ അതിനെക്കുറിച്ച് ചോദിക്കാറുണ്ട്. അടുത്തിടെയും അദ്ദേഹം അത് ഉറപ്പുനൽകിയിട്ടുണ്ട്. ഞങ്ങൾ ആഗ്രഹിച്ചത് മറ്റൊന്നായിരുന്നു. ഞങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന് സാറിന് ഊഹിക്കാമല്ലോ തേവർ മകൻ പോലെയുള്ള ഒരു സിനിമയാണ് നമ്മൾ ആഗ്രഹിച്ച് വന്നത്. അങ്ങനെ ഒരു സിനിമയാണ് നമ്മൾ ചോദിച്ചതും. അദ്ദേഹം ഒരു കഥ ഞങ്ങളോട് പറഞ്ഞു. വേലു നായ്ക്കറെപ്പോലുള്ള ഒരാൾ തൻ്റെ സഹോദരനെ മോശക്കാരിൽ നിന്ന് രക്ഷിക്കുന്ന ഒരു സൂപ്പർ കൊമേഴ്‌സ്യൽ സിനിമയെക്കുറിച്ചാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. സഹോദരനായി സിദ്ധാർത്ഥ് അഭിനയിക്കേണ്ടതായിരുന്നു, എന്നാൽ കമലിൻ്റെ പ്രശ്നം അദ്ദേഹം പലപ്പോഴും മനസ്സ് മാറ്റുന്നു എന്നതാണ്. അതിനുമുമ്പ് അദ്ദേഹം അത് ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ഒരു സംവിധായകനായി ആണ് പോയിരുന്നതെങ്കിൽ അത് മറ്റൊരു കാര്യമാകുമായിരുന്നു, പക്ഷേ ഞാൻ നിർമ്മാതാവായത് കൊണ്ട് അദ്ദേഹം ഇടയ്ക്കിടെയ്ക്ക് മാറ്റി മാറ്റി പറയുമായിരുന്നു.
അപ്പോൾ ബോസ് സാറാണ് അദ്ദേഹം ദൃശ്യം സിനിമ ചെയ്യാൻ ആവശ്യപ്പെട്ടത്. കമൽ എന്നെ വിളിച്ച് രണ്ട് നല്ല നടന്മാരുടെ പേര് പറഞ്ഞു, അവർ പോലും അത് ചെയ്യില്ലെന്ന് പറഞ്ഞു. എന്നാൽ പിന്നീട് അതേ ചിത്രം മറ്റൊരു പ്രൊഡക്ഷൻ ഹൗസിന് വേണ്ടി അദ്ദേഹം ചെയ്തു കൊടുത്തു. അപ്പോഴാണ് അദ്ദേഹം ഉത്തമ വില്ലൻ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞത്. ബോസിന് അത് ഇഷ്ടമായിരുന്നില്ല. അദ്ദേഹം ദൃശ്യം ചെയ്യണമെന്ന് ആഗ്രഹിച്ചു. അദ്ദേഹം ദൃശ്യത്തിന്റെ അവകാശം മുഴുവനായി വാങ്ങാനായി കാത്തിരിക്കുകയായിരുന്നു.
ഉത്തമ വില്ലൻ ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടേ ഇല്ല. അതിന് മുന്നേ തന്നെ ഞാൻ അദ്ദേഹത്തിനോട് ഒരു കഥ പറഞ്ഞിരുന്നു അത് രാജ്കമലിൽ തന്നെ ചെയ്യാനും അദ്ദേഹം പറഞ്ഞിരുന്നു പക്ഷേ അത് മിസ്സായി പോയി. സിനിമ റിലീസായതിന് ശേഷം എന്ത് പ്രശ്‌നമുണ്ടായാലും അത് താൻ പരിഹരിക്കുമെന്ന് കമൽ സാർ എന്നോട് പറഞ്ഞു, കാരണം ഇത് എന്റെ ഡ്രീം പ്രൊജക്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ ഇടപെടില്ല, പക്ഷേ സിനിമ പൂർത്തിയായ ശേഷം ചില തിരുത്തലുകൾ ഞാൻ ആവശ്യപ്പെടും എന്ന്. അതുപോലെ, ഞങ്ങൾ അദ്ദേഹത്തിന് തിരുത്തലുകളുടെ ഒരു പട്ടികയുമായി പോയി, അവയെല്ലാം ശ്രദ്ധിച്ചതിന് ശേഷം അദ്ദേഹം ഒന്നും തിരുത്തിയില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് നന്നായി വന്നേനേ. സത്യസന്ധമായി അത് നല്ല എഡിറ്റുകൾ ആയിരുന്നു, അദ്ദേഹവും അത് സമ്മതിച്ചു. എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അദ്ദേഹം മനസ്സ് മാറ്റി. ഒപ്പം സിനിമ അതേപടി റിലീസ് ചെയ്യുകയും ചെയ്തു.
മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലാണ് കമൽ ഹാസൻ ഇപ്പോൾ അഭിനയിക്കുന്നത്. ശങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 വാണ് അടുത്തതായി തിയറ്ററിലെത്താനൊരുങ്ങുന്ന കമൽഹാസൻ ചിത്രം