​'ഗീതുവിന്റെ മുൻ സിനിമകൾ പോലെയല്ല ഇത്, ടോക്സിക് ഒരു മെഗാ മാസ്സ് എന്റർടെയ്നർ'; യഷ്

​'ഗീതുവിന്റെ മുൻ സിനിമകൾ പോലെയല്ല ഇത്, ടോക്സിക് ഒരു മെഗാ മാസ്സ് എന്റർടെയ്നർ'; യഷ്
Published on

ഒരു മെഗാ മാസ് എൻ്റർടെയ്നിംഗ് സിനിമയായിരിക്കും 'ടോക്സിക്' എന്ന് നടൻ യഷ്. ​ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ കെജിഎഫ് 2 വിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. ​ഗീതു മോഹൻദാസിന്റെ മുൻ ചിത്രങ്ങൾ വ്യത്യസ്തമായിരിക്കാം എന്നാൽ ഇത്തവണ ഒരു മാസ്സ് എന്റർടെയ്നിം​ഗ് ചിത്രവുമായാണ് അവർ എത്തുന്നതെന്നും മാസ് സിനിമകളുടെ പൾസ് അറിയാവുന്ന സംവിധായികയാണ് അവർ എന്നും ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ യഷ് പറഞ്ഞു.

യഷ് പറഞ്ഞത്:

ഞാൻ കഥ പറയാൻ വരുന്നവരുടെ പാഷനും അവർ എന്ത് തരം പ്രൊജക്ടുമായാണ് വരുന്നത് എന്നും മാത്രമേ ശ്രദ്ധിക്കാറുള്ളൂ. സത്യസന്ധമായി പറയുകയാണെങ്കിൽ ​ഗീതു മോഹൻദാസിന്റെ ഒരു സിനിമകളും കണ്ടിട്ടില്ല. അവർ എന്റെ അടുത്തേക്ക് വന്നത് ശരിയായ കാഴ്ച്ചപാടും ശരിയായ പാഷനോടെയുമാണ്. ഈ പ്രൊജക്ടിന് വേണ്ടി അവർ നൽകിയ സമയത്തെയും അവർക്ക് എന്താണ് ചെയ്യേണ്ടതെന്ന ബോധ്യത്തെയും ഞാൻ ആദരിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ ലോകങ്ങളാണ് ഗീതു തന്റെ മുൻപത്തെ രണ്ടു സിനിമകളിലും ചെയ്തത്, എന്നാൽ ഇത് അതിൽ നിന്നെല്ലാം മാറിയുള്ള സിനിമയാണ്. ഒരു കഥ പറയാനുണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആകുന്നത്. എല്ലാ സിനിമയ്ക്കും കൃത്യമായ ഒരു വീക്ഷണം ഉണ്ട്. നിങ്ങൾക്ക് ഒരു കഥ പറയാൻ ആ​ഗ്രഹമുണ്ടെങ്കിൽ അതിനുള്ള പാഷൻ നിങ്ങൾക്കുണ്ടെങ്കിൽ അതിന് വേണ്ടി നിക്ഷേപിക്കാൻ സമയവും ഉത്സാഹവും നിങ്ങൾക്കുണ്ടെങ്കിൽ‌ നിങ്ങൾക്ക് അത് ചെയ്യാൻ സാധിക്കും.

ഞാൻ ആരും പറയുന്നത് കേൾക്കാറില്ല, എന്റെ ഹൃദയം എന്ത് പറയുന്നോ അതാണ് ഞാൻ ചെയ്യാറ്. ​ഗീതു എന്റെ അടുത്ത് കഥയുമായി വരുമ്പോൾ അതൊരു ചെറിയ ത്രെഡായിരുന്നു. അവരുടെ പാഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാൻ വിജയത്തിന് പിന്നാലെ പോകുന്ന ഒരാൾ അല്ല. എനിക്ക് പുതിയതെന്തിങ്കിലും ചെയ്യുമ്പോഴാണ് സന്തോഷം ലഭിക്കുക. റിസ്ക് എടുക്കുക പുതിയത് എന്തെങ്കിലും ചെയ്യുക. പുതുതായി എന്തെങ്കിലും പ്രേക്ഷകന് നൽകാനാണ് എന്റെ ശ്രമം. ഗീതു മോഹൻദാസിന്റെ മുൻ സിനിമകൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കാം. പക്ഷെ അവർക്ക് മാസ് സിനിമകളുടെ പൾസ് അറിയാം. അവർക്ക് പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യാൻ അറിയാം. ഞാൻ എന്നും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരുപാട് പേർ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കുന്നുണ്ട്. ഒരു മെഗാ മാസ് എന്റർടെയ്നിംഗ് സിനിമയുമായിട്ടാണ് ഇത്തവണ ഗീതു എത്തുന്നത്. തീർച്ചയായും ഒരു എന്റർടെയ്നിം​ഗ് മാസ്സ് കൊമേഷ്യൽ സിനിമ തന്നെയായിരിക്കും ടോക്സിക്.

പീക്കി ബ്ലൈൻഡേഴ്‌സ് എന്ന സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ടോക്സിക്ക് എന്നാണ് മുൻപ് പുറത്തു വന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ നയൻതാരയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിവിൻ പോളി നായകനായെത്തിയ മൂത്തോൻ എന്ന ചിത്രത്തിന് ശേഷം ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് യഷിന്റെ പത്തൊമ്പതാമത്തെ ചിത്രം കൂടിയാണ്. എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ് എന്ന ടാഗ്‌ലൈനോടെ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in