വിക്രത്തെ പിന്നിലാക്കുമോ സേനാപതിയും ഇന്ത്യന്‍ സെക്കന്‍ഡും, ഉദയനിധി സ്റ്റാലിന് പ്രേക്ഷകരിലെത്തിക്കും

വിക്രത്തെ പിന്നിലാക്കുമോ സേനാപതിയും ഇന്ത്യന്‍ സെക്കന്‍ഡും, ഉദയനിധി സ്റ്റാലിന് പ്രേക്ഷകരിലെത്തിക്കും
Published on

കമല്‍ഹാസന്റെ നാല് പതിറ്റാണ്ട് നീണ്ട കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം എന്ന സിനിമ. തമിഴ് ബോക്‌സ് ഓഫീസിലെ നിലവിലെ റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം തിയറ്ററുകളില്‍ പ്രദര്‍ശനം അവസാനിപ്പിച്ചത്. നിരവധി കാരണങ്ങളാല്‍ ചിത്രീകരണം പാതിയില്‍ മുടങ്ങിപ്പോയ ഇന്ത്യന്‍ ടു എന്ന സിനിമ പുനരാരംഭിക്കുന്നതിന് വിക്രമിന്റെ അവിശ്വസനീയ വിജയം ഇന്ധനമായി. വിക്രത്തിന് പിന്നാലെ റെഡ് ജിയന്റിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ഇന്ത്യന്‍ സെക്കന്‍ഡിന്റെ നിര്‍മ്മാണവും ഏറ്റെടുത്തു. ഇന്ത്യന്‍ സെക്കന്‍ഡിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ ചെന്നൈയില്‍ പുനരാരംഭിച്ചിരിക്കുന്നത്.

നേരത്തെ പ്ലാന്‍ ചെയ്തതിനേക്കാള്‍ കൂടിയ ബജറ്റിലായിരിക്കും ഇന്ത്യന്‍ സെക്കന്‍ഡ് പൂര്‍ത്തിയാക്കുക. കമല്‍ഹാസന്റെ എവര്‍ഗ്രീന്‍ റോളുകളിലൊന്നായ സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമല്‍ വീണ്ടും സ്‌ക്രീനിലെത്തും. തെലുങ്ക് ചിത്രം പൂർത്തിയാക്കിയാണ് ഷങ്കര്‍ ഇന്ത്യന്‍ സെക്കന്‍ഡ് അവസാന ഷെഡ്യൂളിലേക്ക് കടന്നിരിക്കുന്നത്.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി എന്നിവര്‍ ഇന്ത്യന്‍ സെക്കന്‍ഡിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിക്രം എന്ന സിനിമയുടെ വിജയത്തില്‍ അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുത്തുരാജ് ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും. ഇന്ത്യന്‍ സെക്കന്‍ഡ് പൂര്‍ത്തിയാക്കിയാല്‍ മഹേഷ് നാരായണന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് കമല്‍ഹാസന്‍ അഭിനയിക്കുന്നത്. കമല്‍ഹാസന്‍ തന്നെയാണ് തിരക്കഥ.

1996 മേയ് ആറിന് റിലീസ് ചെയ്ത ഇന്ത്യനില്‍ ഡബിള്‍ റോളിലാണ് കമല്‍ ഹാസന്‍ എത്തിയത്. ചന്ദ്രബോസ് സേനാപതിയെന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു രണ്ടാമത്തെ കഥാപാത്രം. 65 കോടിയാണ് അന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ കളക്ഷനായി നേടിയത്

Related Stories

No stories found.
logo
The Cue
www.thecue.in