ധനുഷ് ചിത്രം ക്യപ്റ്റൻ മില്ലറിനെ അഭിനന്ദിച്ച് നടൻ ഉദയനിധി സ്റ്റാലിൻ. ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിന് വേണ്ടി പോരാടിയ അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ക്യാപ്റ്റൻ മില്ലർ ശക്തമായി ഉയർത്തിക്കാട്ടുന്നു എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർഥമായി നിർമ്മിച്ചൊരു ചിത്രമാണ് ഇത് എന്നും ചിത്രത്തിൽ അഭിനയിച്ച ധനുഷിന്റെയും ശിവരാജ് കുമാറിന്റെയും അഭിനയ മികവിന് തന്റെ അഗാധമായ അഭിനന്ദനം താൻ അറിയിക്കുന്നു എന്നും എക്സിലൂടെ പങ്കുവച്ച ട്വീറ്റിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞു. ഉദയനിധിയെക്കൂടാതെ സംവിധായകൻ മാരി സെൽവരാജും ചിത്രത്തെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. കില്ലർ മില്ലർ എന്നാണ് ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ് പറഞ്ഞത് ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും എക്സിലൂടെ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
ഉദയനിധി സ്റ്റാലിന്റെ ട്വീറ്റ്:
ധനുഷിന്റെയും ശിവരാജ് കുമാറിന്റെയും അഭിനയ മികവിന്, അരുൺ മാതേശ്വരന്റെ സംവിധാനം, സഹോദരൻ ജിവി പ്രകാശിന്റെ സംഗീത വൈഭവം, ഒപ്പം സത്യജോതി ഫിലിംസിന്റെ നിർമ്മാണം, നായിക പ്രിയങ്കാമോഹൻ, സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ തുടങ്ങിയവരുടെ ക്രാഫ്‌റ്റിനെ ഞാൻ അഭിനന്ദിക്കുന്നു. അസാധാരണമായ ചിത്രമാണ് "ക്യാപ്റ്റൻ മില്ലർ" സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശങ്ങളുടെ വിശാലമായ ആഖ്യാനത്തോടെ സമർഥമായി നിർമ്മിച്ച ഈ ചിത്രം, ക്ഷേത്രപ്രവേശനത്തിനുള്ള അവകാശത്തിന് വേണ്ടി പോരാടിയ അടിച്ചമർത്തപ്പെട്ട ജനതയുടെ പോരാട്ടത്തെ ശക്തമായി ഉയർത്തിക്കാട്ടുന്നു.
റോക്കി, സാനി കായിതം എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് ധനുഷ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ക്യാപ്റ്റൻ മില്ലർ. ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റൻ മില്ലർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. ഒരേ സമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 12 ന് പൊങ്കൽ റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിൽ ധനുഷിനെക്കൂടാതെ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്കാ മോഹൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവരും മറ്റു പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.