മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രം ജൂൺ 13ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും. വെള്ള ഷർട്ടും മുണ്ടുമുടുത്ത് ഒരു ജീപ്പിന്റെ മുകളിൽ കയറി ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പുതിയ പോസ്റ്ററിൽ കാണാനാകുന്നത്. ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്.
ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ടർബോ ജോസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. അഞ്ജന ജയപ്രകാശ്, കബീർ ദുഹാൻ സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ക്രിസ്റ്റോ സേവ്യറും ടീമും ചേർന്ന് ചിത്രത്തിനായി പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.
ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ഈ ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവേൽ, കോ-ഡയറക്ടർ-ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.