നടന്‍ എന്ന നിലയില്‍ താന്‍ നാരദന്‍ എന്ന സിനിമയില്‍ വളരെ തൃപ്തനാണെന്ന് ടൊവിനോ തോമസ്. സാധാരണ പോലെ ഡയലോഗുകള്‍ പറയുന്നതിന് അപ്പുറത്തേക്ക് ചിത്രത്തില്‍ പെര്‍ഫോമന്‍സ് ചെയ്യാനുള്ള ഒരു സ്‌പേസ് കൂടി ഉണ്ടായിരുന്നു എന്നും ടൊവിനോ പറയുന്നു. ദ ക്യു അഭിമുഖത്തിലായിരുന്നു പ്രതികരണം.
ടൊവിനോ പറഞ്ഞത്:
നടന്‍ എന്ന നിലയില്‍ ഞാന്‍ വളരെ തൃപ്തനായ ഒരു സിനിമയാണ് നാരദന്‍. വെറുതെ ഇരുന്ന ഡയലോഗ് പറയുന്നതിന് അപ്പുറത്തേക്ക് നാരദിനില്‍ എനിക്ക് പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് കൂടി ഉണ്ടായിരുന്നു. അത് ഒരിക്കലും നിലവിലുള്ള മാധ്യമപ്രവര്‍ത്തകരുമായി സാമ്യം തോന്നാനും പാടില്ല എന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതല്‍ പ്രയത്‌നിച്ചിട്ടുണ്ട്. അതിന്റെ പ്രൊസസും വളരെ രസകരമായിരുന്നു.
സാധാരണ ഞാന്‍ ഡയലോഗുകള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞ് പഠിക്കാറില്ല. കാണാതെ പഠിച്ചാല്‍ അത് മെക്കാനിക്കല്‍ ആകുമോ എന്ന പേടി കൊണ്ടായിരുന്നു അത്. പക്ഷെ നാരദനില്‍ പെര്‍ഫോമന്‍സാണല്ലോ. അത് ഒരിക്കലും സെറ്റിലെത്തി ഇംപ്രവൈസ് ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് നാരദന്റെ കാര്യത്തില്‍ ഡയലോഗുകള്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞ് പഠിച്ചാണ് ഞാന്‍ സെറ്റിലേക്ക് ചെന്നിട്ടുള്ളത്.
ആഷിഖ് അബു സംവിധാനം ചെയ്ത നാരദന്‍ ഇന്നാണ് ലോകവ്യാപകമായി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മിന്നല്‍ മുരളി എന്ന വന്‍ വിജയ ചിത്രത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ടൊവിനോ ചിത്രം കൂടിയാണ് നാരദന്‍.
മായാനദിക്ക് ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ഉണ്ണി ആര്‍ ആണ് കഥ. ടൊവിനോയ്ക്ക് പുറമെ അന്ന ബെന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍വ എന്നിവരും ചിത്രത്തിലുണ്ട്.