ARMന്റെ വ്യാജപതിപ്പ്, പൈറസി കാണരുതെന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനിക്കണം: ടൊവിനോ തോമസ്

ARMന്റെ വ്യാജപതിപ്പ്, പൈറസി കാണരുതെന്ന് പ്രേക്ഷകര്‍ തന്നെ തീരുമാനിക്കണം: ടൊവിനോ തോമസ്
Published on

ഓണം റിലീസായി എത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം ARMന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. ഇഷ്ടം പോലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമ എന്തിനാണ് മൊബൈലില്‍ കാണുന്നതെന്ന് തനിക്കറിയില്ല. ക്യാമറയ്ക്ക് ഒരു കുലുക്കവുമില്ലാത്ത പതിപ്പാണ് പ്രചരിക്കുന്നത്. തിയറ്റര്‍ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ എങ്ങനെയാണ് ഇത് സംഭവിക്കുകയെന്നും പൈറസി കാണില്ലെന്ന് നല്ലവരായ പ്രേക്ഷകര്‍ തീരുമാനം എടുക്കുക എന്നത് മാത്രമാണ് പോംവഴിയെന്നും ടൊവിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാജപതിപ്പ് കാണുന്ന ട്രെയിന്‍ യാത്രക്കാരന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ജിതിന്‍ ലാല്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടോവിനോയുടെ പ്രതികരണം.

ടൊവിനോ പറഞ്ഞത്:

നിര്‍മ്മാതാവിന്റെ ലാഭമോ നഷ്ടമോ എന്നതിനെല്ലാം അപ്പുറം ഞങ്ങള്‍ സിനിമയെക്കുറിച്ച് നേരത്തെ വാക്ക് തന്നിരുന്ന ഒരു ഔട്ട്പുട്ട് ഉണ്ടല്ലോ. സിനിമയുടെ ക്വാളിറ്റിക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇഷ്ടംപോലെ തിയറ്ററുകളില്‍ ഉള്ള ഈ സിനിമ എന്തിനാണ് മൊബൈലില്‍ കാണുന്നതെന്ന് എനിക്കറിയില്ല. ക്യാമറയ്ക്ക് ഒരു കുലുക്കവുമില്ലാത്ത പതിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. തിയറ്റര്‍ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇതെങ്ങനെയാണ് സംഭവിക്കുക. വ്യാജപതിപ്പ് ഒഴിവാക്കാന്‍ പല രീതിയിലുള്ള ശ്രമങ്ങളും മുന്‍പ് നടന്നിട്ടുണ്ട്. പൈറസി കാണില്ലെന്ന് നല്ലവരായ പ്രേക്ഷകര്‍ തീരുമാനം എടുക്കുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി.

ജനശതാബ്ദി എക്‌സ്പ്രസില്‍ സഞ്ചരിക്കുന്ന യാത്രക്കാരന്‍ ARMന്റെ വ്യാജപതിപ്പ് കാണുന്ന വീഡിയോയാണ് ഹൃദയഭേദകം എന്ന അടിക്കുറിപ്പോടെ സംവിധായകന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. സുഹൃത്താണ് തനിക്ക് ഈ വീഡിയോ അയച്ചു തന്നതെന്നും ടെലിഗ്രാം വഴി കാണേണ്ടവര്‍ കാണട്ടെ എന്നല്ലാതെ എന്തു പറയാനാണെന്നും ജിതിന്‍ ലാലിന്റെ ഇന്‍സ്റ്റാഗ്രാം കുറിപ്പിലുണ്ട്. സെപ്റ്റംബര്‍ 12നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പുറത്തിറങ്ങി 5 ദിവസം കൊണ്ട് 50 കോടി കളക്ഷനിലേക്ക് അടുക്കുന്ന അവസരത്തിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രേക്ഷകര്‍ രേഖപ്പെടുത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in