ബോക്സ് ഓഫീസിൽ നാൽപത് കോടി തിളക്കവുമായി ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിൻ കണ്ടെത്തും'. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തിൽ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തിയ ചിത്രം തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ നാൽപത് കോടി കടന്നിരിക്കുകയാണ്.
കേരളം ഏറെ ചർച്ച ചെയ്ത യഥാർത്ഥ കൊലപാതക കേസുകളുടെ ചുവടുപിടിച്ച് ഒരുക്കിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തിയത്. ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെളിയിക്കാൻ സാധിക്കാത്ത ഒരു കേസ് ടോവിനോയുടെ കഥാപാത്രമായ എസ്. ഐ ആനന്ദ് നാരായണനും നാല് പോലീസുകാരും ചേർന്ന് അൺഒഫീഷ്യലായി തെളിയിക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ട്രൂ ഇവെന്റ്സ് ബേസ് ചെയ്ത് നിർമിച്ച കഥയിൽ ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് തന്റേതെന്ന് നടൻ ടൊവിനോ തോമസ് മുമ്പ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോൾ കൽകിയിലെ പൊലീസുമായി യാതൊരു സാമ്യതയും തോന്നില്ല. യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമുള്ള കഥാപാത്രമല്ല ഇതെന്നും മുമ്പ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞിരുന്നു. ടൊവിനോയെക്കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.