‘ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍ക്കപ്പുറം പ്രക്ഷോഭങ്ങളുണ്ടാകും’; അടിച്ചമര്‍ത്താനാകില്ലെന്ന് ടൊവീനോ
പൗരത്വനിയമത്തിനും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച ഡല്‍ഹി പൊലീസ് നടപടിക്കുമെതിരെ നടന്‍ ടൊവീനോ തോമസ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. ഹാഷ്ടാഗ് ക്യാംപെയ്‌നുകള്‍ക്ക് അപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും. ചരിത്രം പഠിപ്പിക്കുന്നത് അതാണെന്നും ടൊവീനോ ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഡല്‍ഹിയില്‍ പൗരത്വനിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചിത്രവും ടൊവീനോ കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
എത്രയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നോ അത്രയും പ്രതിഷേധം ഉയര്‍ന്നുവരും. ഹാഷ്ടാഗുകളും ക്യാംപെയ്‌നുകളും ആശങ്കയും അവസാനം ഒരു രൂപം പ്രാപിക്കും, പരിപൂര്‍ണമായ ഒരു പ്രക്ഷോഭത്തിലേക്ക്. ചരിത്രം പറയുന്നത് അതാണ്.
ടൊവീനോ
പൗരത്വനിയമത്തിനെതിരെ നടി അമല പോള്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ പൊലീസ് മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത്, മലയാളി വിദ്യാര്‍ത്ഥിനികള്‍ തടയുന്ന ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസാക്കി. അയഷ റെന്ന പൊലീസിന് നേരെ കൈ ചൂണ്ടുന്ന ചിത്രത്തിനൊപ്പം 'ഇന്ത്യ നിന്റെ തന്തയുടേതല്ല' എന്ന വരികളുമുണ്ട്.
തങ്ങളെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ കുത്തിയിരുന്നു സമരം ചെയ്യുകയും, പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുകയുമാണ് ഡല്‍ഹി പൊലീസെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്ററും നടി ഇന്‍സ്റ്റ സ്‌റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ നിശ്ശബ്ദത പാലിക്കുകയാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിച്ച് അമല പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലയാള സിനിമാതാരങ്ങളില്‍ നിന്ന് ആദ്യമായി ഉയര്‍ന്ന ശബ്ദം നടി പാര്‍വതി തിരുവോത്തിന്റേ ആയിരുന്നു. പ്രധാന താരങ്ങള്‍ അടക്കം നിശബ്ദത പാലിച്ചപ്പോള്‍ നട്ടെല്ലില്ലൂടെ ഭയം കയറുന്നുവെന്നായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. ജാമിയ മില്ലിയയിലെ പൊലീസ് അതിക്രമത്തിനെതിരെയും പാര്‍വതി പ്രതികരിച്ചു. ജാമിയയും അലിഗഡും, ഇത് ഭീകതയാണെന്ന് പൊലീസ് വേട്ടയുടെ വീഡിയോ റീട്വീറ്റ് ചെയ്ത് പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. റാണാ അയ്യൂബിന്റെ ട്വീറ്റും വീഡിയോയും പങ്കുവച്ചാണ് പ്രതികരണം.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം