100 കോടിക്ക് മുകളിൽ പ്രതിഫലമുള്ള ഇന്ത്യൻ താരങ്ങൾ ഇവരൊക്കെ, വിജയ്, രജിനികാന്ത്, അജിത്, മോഹൻലാൽ ഒരു സിനിമക്കായ് വാങ്ങുന്നത്

100 കോടിക്ക് മുകളിൽ പ്രതിഫലമുള്ള ഇന്ത്യൻ താരങ്ങൾ ഇവരൊക്കെ, വിജയ്, രജിനികാന്ത്, അജിത്, മോഹൻലാൽ ഒരു സിനിമക്കായ് വാങ്ങുന്നത്
Published on

ബോക്സ് ഓഫീസിൽ 100 കോടി ക്ലബ് മുതൽ 1000 കോടി ക്ലബുകൾ വരെ ചർച്ചയാകുന്നതിനൊപ്പം സൂപ്പർതാരങ്ങൾ ഓരോ ചിത്രത്തിനുമായി വാങ്ങുന്ന പ്രതിഫലവും വാര‍്ത്തയും വാദവും വിവാദവുമാകാറുണ്ട്. ബോളിവുഡ് മുതൽ മലയാളം വരെ നോക്കിയാൽ ഒരു സിനിമയുടെ മുടക്കുമുതലിന്റെ പകുതിയോളമോ അതിന് മുകളിലോ പ്രതിഫലം വാങ്ങുന്നവരാണ് മുൻനിര താരങ്ങൾ. ഫോർബ്സ് അടുത്തിടെ പുറത്തുവിട്ട ഇന്ത്യൻ താരങ്ങളുടെ പ്രതിഫലത്തിന്റെയും ആസ്തിയുടെയും പട്ടികയും സെപ്തംബറിൽ ബോളിവുഡ് വെബ് സൈറ്റ് പിങ്ക് വില്ല സമാഹരിച്ച സൂപ്പർതാരങ്ങളുടെ പ്രതിഫല പട്ടികയും കൗതുകമുള്ള കണക്കുകളുടേതാണ്. ​ഗോട്ട് എന്ന സിനിമക്ക് പിന്നാലെ തമിഴ് സൂപ്പർ താരം വിജയുടെ പ്രതിഫലം നിർമ്മാതാവ് തന്നെ വെളിപ്പെടുത്തിയതും ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായി.

ഇന്ത്യയിൽ നൂറ് കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുന്ന നടന്മാർ ആരൊക്കെയാണ്? ഈ പട്ടിക നിരന്തരമായി മാറിക്കൊണ്ടിരിക്കും എന്നതാണ് വാസ്തവം. ഒരൊറ്റ ചിത്രത്തിന്റെ വിജയം മതി ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മുഴുവൻ അഭിനേതാക്കളുടെയും പട്ടികയെ മാറ്റി മറിക്കാൻ. ഇന്ത്യൻ സിനിമ എന്നാൽ ബോളിവുഡാണ് എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടന്മാരുടെ പട്ടികയെടുത്താൽ ബോളിവുഡിനെ പിന്നാലാക്കി തെന്നിന്ത്യൻ താരങ്ങളുടെ ആധിപത്യമാണ് നമുക്ക് കാണാൻ സാധിക്കുക. ആരാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ? ഏറ്റവും പുതിയ കണക്കുകൾ പരിശോധിച്ചു നോക്കിയാൽ അത് തമിഴ് നടൻ വിജയ് ആണ്. ഷാരൂഖ് ഖാനെ പിന്തള്ളിയാണ് വിജയ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വിജയ്യുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ കണക്കുകൾ പരിശോധിച്ചു നോക്കിയാൽ 130 കോടി മുതൽ 275 കോടി വരെയാണ് ഒരു ചിത്രത്തിന് വിജയ് പ്രതിഫലമായി വാങ്ങുന്നത്.

ഷാരൂഖിനെ പിന്തള്ളി വിജയ്, അവസാന ചിത്രത്തിലും ഇന്ത്യയിലെ ഉയർന്ന പ്രതിഫലം

തമിഴിൽ കരിയറിലെ അവസാന ചിത്രത്തിൽ ജോയിൻ ചെയ്ത വിജയ് ആണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം സ്വീകരിക്കുന്ന അഭിനേതാവ്. വിജയ് ചിത്രമായി ഒടുവിൽ റിലീസ് ചെയ്ത ​ഗോട്ട് ൽ താരം 200 കോടി പ്രതിഫലം വാങ്ങിയതായി നിർമ്മാതാവ് അർച്ചന കലാപതി വെളിപ്പെടുത്തിയിരുന്നു. പ്രീ റിലീസ് ബിസിനസിലൂടെ മുടക്കുമുതലിന് മുകളിൽ നേട്ടമുണ്ടാക്കിയ സാഹചര്യത്തിലാണ് സിനിമയുടെ ബജറ്റിനെക്കാൾ തുക നായകന് പ്രതിഫലമായി നൽകുന്നതെന്നും അർച്ചന വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഷാരൂഖ് ഖാൻ ഒരു ബോളിവുഡ് ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലത്തിന് മുകളിലാണ് വിജയ്യുടെ പ്രതിഫലം. അതേ സമയം ഷാരൂഖ് ഖാൻ സഹനിർമ്മാതാവായാണ് മിക്ക ചിത്രങ്ങളും ചെയ്യുന്നത്. സിനിമയുടെ ലാഭവിഹിതം, വിതരണാവകാശം, മറ്റ് റൈറ്റ്സുകൾ എന്നിവ കൂടി കണക്കാക്കിയാണ് ഷാരൂഖ് ഓരോ ചിത്രത്തിൽ നിന്നും പ്രതിഫലം ഈടാക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ദളപതി 69 എന്ന കരിയറിലെ വിടവാങ്ങൽ ചിത്രത്തിന് വിജയ് 275 കോടി പ്രതിഫലം വാങ്ങുന്നതായാണ് ഇം​ഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കർണാകടയിലെ പ്രധാന നിർമ്മാതാക്കളായ വെങ്കട്ട് കെ നാരായണൻ, ലോഹിത് എൻകെ എന്നിവരും വിജയ്യുടെ സെലിബ്രിറ്റി മാനേജരും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ ചുമതലക്കാരനുമായ ജ​ഗദീഷ് പളനിസ്വാമിയും ചേർന്നാണ് ദളപതി 69 നിർമ്മിക്കുന്നത്.

കിം​ഗിന്റെ സ്ഥാനം ഒന്നിൽ നിന്ന് രണ്ടിലേക്ക്

ലിസ്റ്റിൽ രണ്ടാമത്തെ സ്ഥാനം നേടിയിരിക്കുന്നത് ഷാരൂഖ് ഖാൻ ആണ്. പുതുക്കിയ കണക്കുകൾ പ്രകാരം 150 മുതൽ 25 വരെയാണ് ഷാരൂഖ് ഖാൻ ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. രാജ് കുമാർ ഹിരാനിയുടെ ഡങ്കിയാണ് ഷാരൂഖ് ഖാന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. അതേ സമയം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിം​ഗാണ് തന്റെ അടുത്ത ചിത്രമെന്ന് മുമ്പ് ഷാരൂഖ് പ്രഖ്യാപിച്ചിരുന്നു. ആക്ഷൻ ത്രില്ലർ ​ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും കിം​ഗ് എന്നാണ് റിപ്പോർട്ടുകൾ. അഭിനയിക്കുന്ന സിനിമകൾക്ക് താൻ ഇപ്പോൾ പ്രതിഫലം വാങ്ങാറില്ലെന്ന് മുമ്പ് ഷാരൂഖ് ഖാൻ വെളിപ്പെടുത്തിയിരുന്നു. ലാഭവിഹിതം പങ്കിടുക എന്ന രീതിയാണ് ഷാരൂഖ് നിലവിൽ അവലംബിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

രജിനികാന്ത്

ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ളത് നടൻ രജിനികാന്താണ്. രജിനികാന്തിന്റേതായി ഏറ്റവും ഒടുവിലായി എത്തിയ ചിത്രം ജയിലറിന്റെ കണക്കുകൾ പ്രകാരം 115 മുതൽ 270 വരെയാണ് ഒരു ചിത്രത്തിന് വേണ്ടി രജിനികാന്ത് പ്രതിഫലമായി വാങ്ങുന്നത്. ഏകദേശം 430 കോടിരൂപയാണ് രജിനികാന്തിന്റെ ആസ്തി. ഒക്ടോബർ 10ന് റിലീസിനെത്തുന്ന വേട്ടയ്യൻ എന്ന സിനിമയ്ക്കായി രജനീകാന്ത് 125 കോടി പ്രതിഫലം സ്വീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബർ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

ആമിർ ഖാൻ

ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന നടൻ ആമിർ ഖാനാണ്. ലാൽ സിം​ഗ് ഛദ്ദയാണ് ആമിർ ഖാന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രം ബോക്സ് ഓഫീസിൽ കടുത്ത പരാജയമാണ് നേരിട്ടത്. 100 കോടി മുതൽ 275 കോടി വരെയാണ് ഒരു സിനിമയ്ക്ക് ആമിർ പ്രതിഫലമായി വാങ്ങുന്നത്. താരേ സമീൻ പർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായി ഒരുക്കുന്ന സിത്താരേ സമീൻ പർ ആണ് ആമിർ ഖാന്റേതായി അടുത്തതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

പ്രഭാസ്

100 കോടി മുതൽ 200 കോടി വരെയാണ് തെലുങ്ക് സൂപ്പർതാരം പ്രഭാസ് ഒരു ചിത്രത്തിന് വേണ്ടി ഈടാക്കുന്ന പ്രതിഫലം. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയാണ് പ്രഭാസിന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ചിത്രം ദ രാജാ സാബാണ് പ്രഭാസിന്റേതായി അടുത്തതായി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഒന്ന്, രണ്ട് ഭാ​ഗങ്ങളാണ് പ്രഭാസിനെ സൗത്ത് ഇന്ത്യയിലെ മുൻനിര പ്രതിഫലം വാങ്ങുന്ന താരമായി മാറ്റിയത്.

അജിത് കുമാർ

105 മുതൽ 165 കോടി രൂപ വരെയാണ് തമിഴ് താരം അജിത് ഒരു ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നത്. തുനിവാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയാണ് ഇനി വരാനിരിക്കുന്ന അജിത് ചിത്രം.

സൽമാൻ ഖാൻ

100 കോടി മുതൽ 150 കോടി വരെയാണ് ഒരു ചിത്രത്തിന് വേണ്ടി വാങ്ങുന്ന പ്രതിഫലം. ടൈ​ഗർ 3 യാണ് സൽമാന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. സിക്കന്ദർ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന സൽമാൻ ഖാൻ ചിത്രം.

കമൽ ഹാസൻ

100 മുതൽ 150 കോടി വരെയാണ് ഒരു ചിത്രത്തിന് വേണ്ടി കമൽ ഹാസൻ വാങ്ങിക്കുന്ന പ്രതിഫലം. 1996 ൽ ഷങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഇന്ത്യ'ന്റെ രണ്ടാം ഭാ​ഗമായ ഇന്ത്യൻ 2 ആണ് കമൽ ഹാസന്റേതായി ഒടുവിലായി തിയറ്ററുകളിലെത്തിയ ചിത്രം. ചിത്രത്തിന്റെ മൂന്നാം ഭാ​ഗമാണ് ഇനി വരാനിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന ത​ഗ് ലൈഫ് ആണ് കമൽഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്നതിൽ വൻ പ്രതീക്ഷ ഉയർത്തുന്ന സിനിമ.

അല്ലു അർജുൻ

100 മുതൽ 125 കോടി രൂപ വരെയാണ് അല്ലു അർജുൻ ഒരു സിനിമയ്ക്കായി വാങ്ങുന്ന പ്രതിഫലം. സുകുമാറിന്റെ സംവിധാനത്തിൽ എത്തിയ പുഷ്പ ദ റൈസാണ് അല്ലു അർജുന്റേതായി ഒടുവിലായി തിയറ്ററുകളിൽ എത്തിയ ചിത്രം. ചിത്രത്തിലെ പുഷ്പരാജ് എന്ന കള്ളക്കടത്തുകാരനെ അവതരിപ്പിച്ചതിന് അല്ലു അർജുന് കഴി‍ഞ്ഞ വർ‌ഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ പുഷ്പ ദ ഫയറാണ് അടുത്തതായി തിയറ്ററുകളിലെത്താനിരിക്കുന്ന അല്ലു അർജുൻ ചിത്രം.

അക്ഷയ് കുമാർ

60 മുതൽ 145 കോടി രൂപ വരെയാണ് അക്ഷയ് കുമാർ ഒരു സിനിമയ്ക്ക് വേണ്ടി ഈടാക്കുന്ന പ്രതിഫലം. ഖേല്‍ ഖേല്‍ മേ ആണ് അക്ഷയ് കുമാറിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. സമീപകാലത്തിറങ്ങിയ ഒട്ടുമിക്ക അക്ഷയ് കുമാർ ചിത്രങ്ങളും തിയറ്ററുകളിൽ വലിയ തരത്തിലുള്ള പരാജങ്ങളാണ് നേരിട്ടത്. ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്രിരാജ്, രാം സേതു, സെല്‍ഫി, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ സൂരറൈ പ്രോട്രിന്റെ ഹിന്ദി റീമേക്കായ സർഫിറ, അവസാനമെത്തിയ ഖേല്‍ ഖേല്‍ മേയും തിയറ്ററിൽ പരാജയങ്ങളായിരുന്നു.

അതേ സമയം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫം വാങ്ങുന്ന നടൻ മോഹൻലാൽ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലെെക്കോട്ടെ വാലിബനാണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

മോ​ഹൻലാൽ

15 മുതൽ 20 കോടി വരെയാണ് മോഹൻലാൽ ഒരു സിനിമയുടെ പ്രതിഫലമായി വാങ്ങുന്നത്. മലയാളത്തിൽ രണ്ട് പതിറ്റാണ്ടിലേറെയായി ഏറ്റവും

ഉയർന്ന പ്രതിഫലം വാങ്ങുന്ന സൂപ്പർതാരവും മോഹൻലാലാണ്. മലയാളത്തിന് പുറത്ത് തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് ചെറു റോളുകളിലാണെങ്കിലും 15 കോടിയാണ് മോഹൻലാലിന്റെ പ്രതിഫലം.

മമ്മൂട്ടി

ഭീഷ്മപർവം എന്ന വമ്പൻ ഹിറ്റിന് പിന്നാലെ മമ്മൂട്ടിയുടെ പ്രതിഫലം 15 കോടിയായി ഉയർത്തിയിരുന്നു. നിലവിൽ മലയാളം ബോക്സ് ഓഫീസിൽ തുടർച്ചയായി വിജയങ്ങളുമായി മുന്നേറുന്ന മമ്മൂട്ടി മലയാളത്തിൽ ഒരു സിനിമക്കായി 15 കോടിക്ക് മുകളിലാണ് പ്രതിഫലമായി വാങ്ങുന്നത്. പ്രതിഫലത്തിനൊപ്പം ഓവർസീസ് അവകാശവും മമ്മൂട്ടി സ്വന്തമാക്കാറുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in