അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഉത്സവ കാഴ്ച്ചകള്‍ ഓര്‍മ്മ വന്നു: ടിനു പാപ്പച്ചന്‍

അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഉത്സവ കാഴ്ച്ചകള്‍ ഓര്‍മ്മ വന്നു: ടിനു പാപ്പച്ചന്‍
Published on

അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ ചെറുപ്പത്തില്‍ കണ്ട ഉത്സവ കാഴ്ച്ചകള്‍ ഓര്‍മ്മ വന്നുവെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. ഉത്സവത്തിന്റെ ഒരു കളറും, ശബ്ദവും നമ്മള്‍ കാണുന്ന കാഴ്ച്ചകളുമെല്ലാം ഒരു അനുഭവം തന്നെയാണ്. കഥ കേട്ടപ്പോള്‍ അത് തനിക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. അങ്ങനെയാണ് അജഗജാന്തരം താന്‍ സംവിധാനം ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്നും ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ ഒരു നാട്ടിന്‍പുറത്തെ ഉത്സവ പറമ്പില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആ ഉത്സവത്തിന് ആനയുമായി രണ്ട് പാപ്പാന്‍മാര്‍ വരുന്നു. അതേ തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം. ചിത്രത്തില്‍ ആനയും വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്.

ടിനു പാപ്പച്ചന്‍ പറഞ്ഞത്:

ആന്റണിയാണ് അഗജാന്തരത്തിന്റെ കഥ എന്നോട് പറയുന്നത്. കിച്ചുവിന്റെയാണ് കഥ. അവരാദ്യം ലിജോ ചേട്ടനോടാണ് കഥ പറഞ്ഞത്. പക്ഷെ ജെല്ലിക്കെട്ട് ചെയ്ത നില്‍ക്കുന്ന സമയമായതിനാല്‍ ലിജോ ചേട്ടന്‍ അത് ചെയ്തില്ല. അങ്ങനെയാണ് ഞാന്‍ കഥ കേള്‍ക്കുന്നത്. കേട്ട സമയത്ത് ആക്ഷനും കോണ്‍ഫ്‌ലിക്റ്റും ഒന്നുമല്ല മറിച്ച് അവര്‍ പറഞ്ഞ കഥയോട് എനിത്ത് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞു. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നത് കൊട്ടാരക്കരയാണ്. അവിടെ ഒരുപാട് അമ്പലങ്ങളുള്ള ഒരു സ്ഥലമായിരുന്നു. ചെറുപ്പ കാലം രസകരമാക്കിയത് ഉത്സവങ്ങള്‍ തന്നെയായിരുന്നു. അതുകൊണ്ട് ഉത്സവം വരാന്‍ വേണ്ടി കാത്തിരിക്കുമായിരുന്നു.

ആ ഉത്സവത്തില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് നല്ല നാടന്‍ അടിയാണ്. ഓരോ വര്‍ഷവും അടി നടക്കും. പിന്നെ അതിന്റെ ബാക്കി നടക്കുക അടുത്ത വര്‍ഷമായിരിക്കും. പിന്നെ ഉത്സവത്തിന്റെ ഒരു കളറും, ശബ്ദവും നമ്മള്‍ കാണുന്ന കാഴ്ച്ചകളുമെല്ലാം ഒരു അനുഭവം തന്നെയാണ്. ഓരോ ഉത്സവത്തിനും ഓരോ തരം കാഴ്ച്ചകളാണ്. അപ്പോള്‍ ഈ കഥ പറഞ്ഞപ്പോള്‍ ഞാന്‍ ചെറുപ്പത്തില്‍ കണ്ട കാഴ്ച്ചകളിലേക്ക് എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി. അത് ഞാന്‍ ഷൂട്ട് ചെയ്താല്‍ നന്നാവുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് അജഗജാന്തരം ഞാന്‍ ചെയ്യാമെന്ന് തീരുമാനിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in