ഹിന്ദി റീമേക്ക് നോക്കിയാലോയെന്ന് ഗൗതം വാസുദേവ് മേനോന്‍ ; ഒറിജിനലിനുവേണ്ടി പോരാടുമെന്ന് ദുല്‍ഖര്‍
തമിഴ്ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ തിയേറ്ററുകളില്‍ തകര്‍ത്തോടുമ്പോള്‍ ദുല്‍ഖര്‍ സല്‍മാനെ വാഴ്ത്തി സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം പ്രധാന വേഷത്തിലെത്തിയ ഗൗതം വാസുദേവ് മേനോന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഡിക്യുവിന് നന്ദി രേഖപ്പെടുത്തിയത്. ദുല്‍ഖറിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്ന് കുറിച്ച ജിവിഎം ചിത്രത്തിന്റെ പ്രേക്ഷക സ്വീകാര്യതയില്‍ ഡിക്യുവിനെ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഹിന്ദി റീമേക്ക് നോക്കിയാലോയെന്നും ജിവിഎം ചോദിക്കുന്നു. എന്നാല്‍ താന്‍ ഒറിജിനല്‍ കണ്ടന്റിനുവേണ്ടി ഉറച്ചുനില്‍ക്കുമെന്നും അതിനായി പോരാടുമെന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. ചിത്രത്തിലെ യഥാര്‍ത്ഥ താരം ജിവിഎം ആണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ചിത്രത്തെ എത്രത്തോളം ഉയര്‍ത്തിയെന്നത് വാക്കുകളാല്‍ വിവരിക്കാനാവാത്തതാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ മറുപടിയായി കുറിച്ചു.
ജി.വി.എമ്മിന്റെ പോസ്റ്റ്
കണ്ണും കണ്ണും കൊള്ളയടിത്താലില്‍ ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ദേശ്‌സിംഗ് പെരിയസാമിയുടെ യുവ സംഘത്തിനുമൊപ്പമുള്ള അനുഭവം മികച്ചതും സന്തോഷകരവുമായിരുന്നു. ചിത്രത്തിന് പ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നതിലും നല്ല വാക്കുകള്‍ കേള്‍ക്കുന്നതിന്റെയും ആഹ്ലാദത്തിലാണ്. അഭിനന്ദനങ്ങള്‍ ഡിക്യു. നിങ്ങള്‍ ഈ ചിത്രത്തിനൊപ്പം നിന്നത് വിസ്മയകരമാണ്. ഹിന്ദി റീമേക്ക് നോക്കിയാലോ ?
ദുല്‍ഖര്‍ സല്‍മാന്റെ മറുപടി
നിങ്ങളാണ് സര്‍ ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം. ഇതിന്റെ ഭാഗമാകാന്‍ സമ്മതിച്ചതിന് നന്ദി. താങ്കളുടെ സാന്നിധ്യം ഈ സിനിമയെ എത്രത്തോളം ഉയര്‍ത്തിയെന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. നമുക്ക് ഇനിയും ഒന്നിച്ച് ചിലത് ചെയ്യണം. പക്ഷേ ഞാന്‍ ഒറിജിനല്‍ കണ്ടന്റിന് വേണ്ടി ഉറച്ചുനില്‍ക്കുകയും പോരാടുകയും ചെയ്യും.