രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റി. ജൂണ്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും അവിചാരിതമായി ഉയര്‍ന്നുവന്ന നിയമപരമായ കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് ഒരാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് അറിയിച്ചു. ജൂണ്‍ പത്തിലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്.
കോവിഡും സാമ്പത്തിക കുടുക്കുകളും തിയ്യേറ്റര്‍ അടച്ചിടലും ചലച്ചിത്ര വ്യവസായത്തില്‍ വന്ന മാറ്റങ്ങളുമെല്ലാം കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളില്‍ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകള്‍, സഹൃദയരായ ആസ്വാദകരെയും തിയ്യേറ്റര്‍ പ്രവര്‍ത്തകരെയും അണിയറയില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ട്. എങ്കിലും വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നില്‍ തിരശ്ശീലയില്‍ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂവെന്നും നിര്‍മാതാവ് ഫേസ്ബുക്കില്‍ കുറിച്ചു..
കൊച്ചി തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും പ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. രാജീവ് രവി തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ഈ പീരിഡ് ഡ്രാമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് ഗോപന്‍ ചിദംബരമാണ്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരമാണ് തുറമുഖത്തിന്റെ പ്രമേയം.
തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ത്ത് പുറത്തിറക്കിയ പോസ്റ്ററും, ടീസറും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം ചിത്രത്തിലൂടെ കാണിക്കുന്നുണ്ട് എന്നതും തുറമുഖത്തിന്റെ പ്രത്യേകതയാണ്. 1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്ത് തുടങ്ങുന്ന കഥ, 40കളിലൂടെയും 50കളിലൂടെയും കടന്നു പോകുന്നുണ്ട്.