കമൽ ഹാസൻ സാറിനെ മഞ്ഞുമ്മൽ ബോയ്‌സിന്റെ പാർട്ട് ആക്കണോയെന്ന് മുൻപ് ചർച്ചകൾ നടന്നതായി നടൻ ഗണപതി. ചിത്രത്തിന്റെ ഏൻഡ് ക്ലോഷറിൽ ഒരു നരേഷൻ സാറിനെക്കൊണ്ട് ചെയ്യിപ്പിക്കാണോ എന്നൊക്കെ ചർച്ച നടന്നിരുന്നു. പിന്നെയാണ് ഇത് അല്ലാതെ കമൽ ഹാസൻ സാറിലേക്ക് എത്തട്ടെയെന്ന് ചിദംബരം തീരുമാനിച്ചത്. എന്നാൽ പടം കണ്ടിട്ട് ആ ഒരു ഇമോഷനിൽ ചിലപ്പോൾ സാറിനെ കാണാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നെന്നും ഗണപതി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗണപതി പറഞ്ഞത് :
സത്യം പറഞ്ഞാൽ മുൻപ് പല ചർച്ചകളും ഉണ്ടായിരുന്നു കമൽ ഹാസൻ സാറിനെ ഈ പടത്തിന്റെ പാർട്ട് ആക്കണോയെന്ന്. ഇതിന്റെ ഏൻഡ് ക്ലോഷറിൽ ഒരു നരേഷൻ സാറിനെക്കൊണ്ട് ചെയ്യിപ്പിക്കാണോ എന്നൊക്കെ ചർച്ച നടന്നിരുന്നു. പിന്നെയാണ് ഇത് അല്ലാതെ കമൽ ഹാസൻ സാറിലേക്ക് എത്തട്ടെയെന്ന് ചിദംബരം തീരുമാനിച്ചത്. പത്മരാജൻ സാറിന്റെ സീസണിൽ പോയി വരൂ എന്ന ഗാനത്തിനിടക്ക് ശബ്ദമായി വരുന്ന പോലെ നെബുലകൾ പാട്ടിനിടയിൽ കമൽ ഹാസൻ സാറിനെ കൊണ്ട് വന്നാലോയെന്ന് ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് നമുക്ക് പുള്ളിയുടെ അടുത്ത് എത്താൻ പറ്റാത്തൊരു രീതി വന്നപ്പോൾ നമ്മൾ വിചാരിച്ചു വേണ്ട വിട്ടേക്കാം ചിലപ്പോൾ പടം കണ്ടിട്ട് ആ ഒരു ഇമോഷനിൽ ചിലപ്പോൾ കാണാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് കണ്ടതിന് ശേഷം കമൽ ഹാസൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ തമിഴ്നാട്ടിലെ പ്രമോഷനിടെയാണ് സംവിധായകൻ ചിദംബരവും സംഗീത സംവിധായകൻ സുഷിൻ ശ്യാമും അടങ്ങുന്ന ചിത്രത്തിന്റെ ടീം അംഗങ്ങൾ കമൽ ഹാസനെ കണ്ടത്. മഞ്ഞുമ്മൽ ബോയ്സിന്റെ പ്രത്യേക ഷോയും കമൽ ഹാസന് വേണ്ടി സംഘടിപ്പിച്ചിരുന്നു. ഗുണ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്താനഭാരതിയും സിനിമ കാണാൻ എത്തിയിരുന്നു. ഇതാണ് സിനിമയുടെ ക്ലെെമാക്സ് എന്നാണ് കമൽ ഹാസനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ ചിദംബരം അറിയിച്ചിരിക്കുന്നത്.