വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന 'തെക്ക് വടക്ക്' സിനിമയുടെ ക്യാരക്ടർ റിവീൽ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടി നായകനായ നൻപകൽ നേരത്തിനു ശേഷം എസ്. ഹരീഷ് തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. പരസ്പരം കൊമ്പുകോർക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഇരുവരുടേതുമെന്ന സൂചനയാണ് പുറത്തു വിട്ട ടീസറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചിത്രത്തിൽ കെഎസ്ഇബി എഞ്ചിനീയർ മാധവൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അരിമിൽ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്.
കഥാപാത്രങ്ങളെയും അവരുടെ ഗെറ്റപ്പിനെയും വ്യത്യസ്തമായാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. എസ്.ഹരീഷിന്റെ ‘രാത്രികാവൽ’ എന്ന കഥയിൽ നിന്നാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. മിന്നൽ മുരളി- ആർഡിഎക്സ് സിനിമകളുടെ സഹ നിർമ്മാതാവായ അൻജന ഫിലിപ്പിന്റെ അൻജന ടാക്കീസും പരസ്യ- സിനിമാ സംവിധായകൻ വി.എ ശ്രീകുമാറിന്റെ വാർസ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിർമ്മിക്കുന്നത്. ക്രം വേദ, കൈതി, ഒടിയൻ, ആർഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.
ജയിലറിനു ശേഷം വിനായകൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. പേരറിയാത്തവർ- എന്ന സിനിമയിലൂടെ ദേശീയ അവാർഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്ക്കാരം നേടിയ വിനായകനും അതുല്യമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടിയവരാണ്. ഇവർ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത ഈ പ്രൊജക്ടിനുണ്ട്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കുന്ന നിലയ്ക്കാണ് ഷൂട്ടിങ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നും ഈ വർഷം ഓണം റിലീസായി സിനിമ തിയറ്ററിൽ എത്തിക്കും എന്നുമാണ് സിനിമയുടെ സഹനിർമാതാക്കളിലൊരാളും സംവിധായകനുമായ വി. എ ശ്രീകുമാർ പറയുന്നത്.
എസ് ഹരീഷ് ഇതിനു മുൻപ് ഏദൻ, ജെല്ലിക്കെട്ട്, ചുരുളി തുടങ്ങിയ സിനിമകളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. 2017ൽ ഐഎഫ്എഫ്കെയിൽ മത്സര ചിത്രമായിരുന്ന “രണ്ടു പേർ” സംവിധാനം ചെയ്തത് പ്രേം ശങ്കറായിരുന്നു. ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറായിരുന്നു. ബ്രിട്ടാണിയ, ഐടിസി, ടിവിഎസ്, ലിവൈസ്, റാംഗ്ലർ തുടങ്ങിയ ബ്രാൻഡുകൾക്കായി പരസ്യ ചിത്രങ്ങൾ പ്രേം ശങ്കർ സംവിധാനം ചെയ്തിട്ടുണ്ട്.
മെൽവിൻ ബാബു, ഷമീർ ഖാൻ, കോട്ടയം രമേഷ്, മെറിൻ ജോസ്, വിനീത് വിശ്വം, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരേഷ് രാജനാണ് ചിത്രത്തിന്റെ ഛായാഗ്രണം നിർവഹിക്കുന്നത്. കിരൺ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.