നിങ്ങള്‍ ഒരു ആര്‍ട്ടിലൂടെ സംസാരിക്കുന്ന ആളാണ്, അപ്പോള്‍ നിങ്ങളെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. അവരെ സഹായിച്ചില്ലെങ്കില്‍ പോലും ഉപദ്രവിക്കാതിരിക്കുക
അഭിനേത്രിയും വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധിയുമായ ദിവ്യ ഗോപിനാഥ് എഴുതുന്നു
ഈ ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ആക്ടര്‍ എന്ന നിലയില്‍ സ്വാസികയുടെ ഇന്റര്‍വ്യൂ കണ്ടപ്പോള്‍ എനിക്ക് തോന്നിയത്, നമ്മള്‍ നോ പറയണം എന്നുള്ള സാഹചര്യം നിലവിലുള്ള ഒരു ഇന്‍ഡസ്ട്രിയാണിത് എന്നും നോ പറഞ്ഞാല്‍ സേഫ് ആയിട്ടുള്ള ഇന്‍ഡസ്ട്രിയിലുമാണ് ജീവിക്കുന്നത് എന്നും അംഗീകരിച്ച ഒരാളുടെ സംസാരമായിട്ടാണ്. അതായത്, നോ പറയേണ്ട അവസ്ഥ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. മറ്റു ജോലികളിലൊന്നും ഇല്ലാത്ത തരത്തില്‍ ഈ ചോദ്യം ഉണ്ടാവുകയും അതിനെ നമ്മള്‍ നോ പറഞ്ഞാല്‍ മാത്രം, അതായത് നമ്മുടെ ഉത്തരവാദിത്തമാണ് നോ പറയേണ്ടത് എന്ന സ്റ്റേറ്റ്‌മെന്റില്‍ നിന്നാണ് ഇത്തരം ചിന്തകളൊക്കെയും വരുന്നത് എന്നാണ് തോന്നുന്നത്. ഒരു സ്ത്രീ ജോലിയെടുക്കാന്‍ പോകുന്ന സ്ഥലത്ത് അവള്‍ക്ക് നോ പറയേണ്ട ആവശ്യം വരുകയാണെങ്കില്‍ അത് സേഫ് പ്ലേസ് അല്ല എന്ന ആദ്യത്തെ തിരിച്ചറിവാണ് അവിടെ ഉണ്ടാകേണ്ടതെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഒരു പ്രിവിലേജ് പൊസിഷനിലേക്ക് വന്നതിനു ശേഷം ഈസിയായിട്ട് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ അത് വല്ലാതെ ബാധിക്കുന്നുണ്ട്.
ഓരോ തരത്തിലും എല്ലാത്തില്‍ നിന്നും റിക്കവര്‍ ചെയ്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴും, വീണ്ടും ഇതില്‍ ഡിസ്‌കഷന് ഇരിക്കേണ്ടി വരുന്നു എന്നത് നമ്മളെ തന്നെ വിക്ടിം ബ്ലെയിം ചെയ്യിപ്പിക്കുക എന്നുള്ളതാണ്. അതായത് നമ്മള്‍ ഇങ്ങനെ ഒരു അവസ്ഥയില്‍ എത്തുമ്പോള്‍, നമ്മളെ അതിക്രമിച്ച്, ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് ചോദ്യം ഇല്ലാതെയാവുകയും അവര്‍ നമ്മളെ ഒന്നും ചെയ്യാതെ ഇരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമായി മാറുകയുമാണ്.
കാലങ്ങളായി ഒരു പെണ്‍കുട്ടി സിനിമ ഇന്‍ഡസ്ട്രിയിലേക്ക് കടന്നു വരുമ്പോള്‍ തന്നെ അവരുടെ ചുറ്റുമുള്ള ആളുകള്‍ സിനിമ ഇന്‍ഡസ്ട്രിയെക്കുറിച്ച് ഒരു പെര്‍സ്‌പെക്റ്റീവ് ഉണ്ടാക്കി വച്ചിട്ടുണ്ട്. ആ പേര്‍സ്‌പെക്റ്റീവില്‍ നിന്നുകൊണ്ട് നമ്മള്‍ എല്ലാ തൊഴിലിടങ്ങളെയും പോലെ സിനിമയും ഒരു തൊഴിലിടമാകണമെന്നും, എല്ലാവരും മറ്റു തൊഴിലിടങ്ങള്‍ എങ്ങനെ കാണുന്നോ അതുപോലെ തന്നെ ആയിരിക്കണമെന്നും, ഒരു സ്ത്രീ, അല്ലെങ്കില്‍ ഏതൊരു ജന്‍ഡറില്‍ ഉള്‍പ്പെടുന്നയാളും അതില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആ തുല്യത ഉണ്ടായിരിക്കണമെന്നുമെല്ലാം വിശ്വസിച്ചുകൊണ്ടാണ് നമ്മള്‍ ഇത്തരം പോരാട്ടങ്ങളുടെ മുന്‍പില്‍ വന്നതും തുറന്നു പറയാനുള്ള ഒരു കരുത്ത് ഉണ്ടാക്കിയെടുത്തതും.
ജനിച്ചപ്പോള്‍ മുതല്‍ നമ്മള്‍ നോ പറയാന്‍ പഠിച്ച് വന്നതല്ല. നമ്മള്‍ കണ്ടീഷന്‍ഡ് ആയൊരു സിസ്റ്റത്തിലാണ്. ഒരു പെണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍, ഒരു പരിധിയില്‍ കൂടി ഉച്ചത്തില്‍ വീട്ടില്‍ സംസാരിച്ചു കഴിഞ്ഞാല്‍ പോലും അത് വിലക്കുകയും അവളുടെ അഭിപ്രായങ്ങള്‍ക്ക് വളരെ നിസ്സാര മൂല്യം കൊടുക്കുകയും ചെയ്യുന്ന ഒരു നാട്ടില്‍ ജീവിക്കുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും ഒരുപോലെ ഒച്ചയുയര്‍ത്താനോ, നോ പറയാനോ പറ്റിയെന്നു വരില്ല. അവര്‍ പല രീതിയിലായിരിക്കും അതിനോട് പ്രതിരോധിക്കുന്നത്. ആ പ്രതിരോധം ഏതുതരത്തിലാണ് സ്വാസികയെപ്പോലുള്ള ആക്ടേര്‍സ് മനസ്സിലാകുന്നതെന്നു എനിക്കറിയില്ല. ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുള്ള സ്റ്റേറ്റ്‌മെന്റ്‌സ് എല്ലാം മനുഷ്യത്ത്വമില്ലാത്തതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരു റൂമിന്റെ ഉള്ളില്‍ ഇരുന്ന് ആ റൂമിന്റെ അകത്ത് കാണുന്നത് മാത്രമാണ് ലോകം എന്നുള്ള കാഴ്ചപ്പാടിലേക്ക് ചുരുങ്ങിപ്പോയ ഒരാളുടെ സംസാരമായിട്ടാണ് എനിക്കതിനെ തോന്നിയത്. അതുപോലെ തന്നെ കാലങ്ങളെടുക്കുമായിരിക്കും WCC പോലുള്ള കൂട്ടായ്മകള്‍ കൊണ്ട് വന്ന വ്യത്യാസങ്ങള്‍ കാണാന്‍, എന്നാല്‍ പ്രത്യക്ഷത്തില്‍ പോലും കഴിഞ്ഞ 5 വര്‍ഷത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഈ അസോസിയേഷന്‍ ന്റെ ഇടപെടലുകള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട് എന്നാണു ഞാന്‍ വിചാരിക്കുന്നത്.
അത് കൂടാതെ ഒരു സ്ത്രീ വന്ന് പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ മറ്റേ ആളെ കൂടെ നമ്മള്‍ കേള്‍ക്കണ്ടേ എന്ന് പറയുമ്പോള്‍, അങ്ങനെ രണ്ടുപേരുടെയും ഭാഗം കേള്‍ക്കാന്‍ ഇരിക്കുന്ന സമയത്ത്, അവള്‍ ഇങ്ങനെ ഒരു സാഹചര്യത്തിലൂടെ പോയി എന്ന് പറയുമ്പോള്‍ ആ സ്ത്രീയുടെ പ്രശ്‌നം ഒട്ടും മുന്‍വിധികളില്ലാതെ കേള്‍ക്കാനും അവളെ സൊസൈറ്റിയുടെ ആക്രമണത്തില്‍ നിന്നുമൊക്കെ ചേര്‍ത്ത് പിടിക്കാനും ഇത്രയും സ്ത്രീകള്‍ ഇവിടെ ഉണ്ടാവേണ്ടതും ആവശ്യമാണ്. അത്തരമൊരു സംഘടന ഇവിടെ ഉള്ളതാണ് ഇനി വരുന്ന തലമുറയില്‍ വലിയ പ്രതീക്ഷ നല്‍കുന്നത്. അതില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഒന്നിച്ച് നില്‍ക്കുക എന്ന ഫീലാണ് തോന്നുന്നത്.
ഇങ്ങനെ ഒരു കാര്യം പറയുമ്പോള്‍, ഏത് കാലത്തില്‍ നിന്നുകൊണ്ടാണ് സംസാരിക്കുന്നതെന്ന് അവര്‍ ചിന്തിക്കേണ്ടതാണ്. ഈയൊരു ആറേഴു വര്‍ഷത്തിന് മുന്നേയും ഇവിടെ ഈ ഇന്‍ഡസ്ട്രിയുണ്ട്. എത്രത്തോളം സ്ത്രീകള്‍ക്ക് ഇത് സംസാരിക്കാനുള്ള ഇടം ഉണ്ടായിരുന്നു എന്നുള്ളത് ആലോചിക്കണം. ഇന്ന് സ്ത്രീകള്‍ക്ക് അതിനുള്ള ധൈര്യവും ഇടവും ഉണ്ടാക്കി എടുക്കാനാണ് സംഘടന നിലകൊള്ളുന്നത്. അത്തരമൊരു അവസരമുള്ള സ്ഥലമല്ല ഇത്. ജീവിതത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും ഇവിടെയുമുണ്ട്. എങ്കിലും ഒന്നിച്ചിരുന്നു അതെല്ലാം സംസാരിക്കുമ്പോള്‍ ഒരു മാറ്റമുണ്ടാകും എന്നോര്‍ത്ത് സംസാരിക്കുകയാണല്ലോ. അപ്പോള്‍ അതിനെക്കുറിച്ച് പറയുന്നവര്‍ ചുറ്റുമുള്ള ആളുകള്‍ എന്താണ്, എന്തിലൂടെയാണ് കടന്നു പോകുന്നത് എന്നതിനെക്കുറിച്ച് മനസിലാക്കണം.
സ്വാസിക ഇതിലൂടെ ഒന്നും കടന്നു പോന്നിട്ടുള്ള ആളല്ല എന്നല്ല പറയുന്നത്. ഈ പ്രിവിലേജുകളിലേക്കൊക്കെ എത്തിപ്പെട്ടതായിരിക്കാം. സ്വാസിക ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട് കാസ്റ്റിംഗ് കൗച്ച് ഉണ്ടായിട്ടുണ്ട് എന്ന്. അപ്പോള്‍ ആ കുട്ടിയും അതിലൂടെയൊക്കെ കടന്നു പോയിട്ടുണ്ട് എങ്കില്‍ ഇത്തരം കടന്നു പോകലുകള്‍ ഉണ്ടെന്നു തന്നെയല്ലേ? ആ കുട്ടിക്ക് നോ പറഞ്ഞ് അത് മറികടക്കാന്‍ പറ്റിക്കാണും. പക്ഷെ അതല്ലാത്ത, ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തിലായി പോകുന്ന സ്ത്രീകളും ഈ നാട്ടില്‍ ഉണ്ട്. അവര്‍ക്ക് വേണ്ടി കൂടെയാണ് അസോസിയേഷന്‍ സംസാരിക്കുന്നത്. അത്തരം ചിന്തകളൊക്കെ വച്ചിട്ടു വേണം ഇത്തരം സെലിബ്രിറ്റീസ് സംസാരിക്കാന്‍. നിങ്ങള്‍ ഒരു ആര്‍ട്ടിലൂടെ സംസാരിക്കുന്ന ആളാണ്, അപ്പോള്‍ നിങ്ങളെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. അവരെ സഹായിച്ചില്ലെങ്കില്‍ പോലും ഉപദ്രവിക്കാതിരിക്കുക