ആലുവ പാലസിൽ ഒരു പകൽ മുഴുവനിരുന്നിട്ടും ട്യൂൺ ആയില്ല, പൊള്ളുന്ന പനിയും; "ഉണ്ണീ വാവാവോ" പിറന്ന വഴി

ആലുവ പാലസിൽ ഒരു പകൽ മുഴുവനിരുന്നിട്ടും ട്യൂൺ ആയില്ല, പൊള്ളുന്ന പനിയും; "ഉണ്ണീ വാവാവോ" പിറന്ന വഴി
Published on

ബോളിവുഡ് ദമ്പതികളായ രൺബീർ കപൂറിൻെറയും ആലിയ ബട്ടിന്റെയും മകൾ റാഹ നിത്യവും ഉറങ്ങുന്നത് അച്ഛൻ മൂളിക്കൊടുക്കാറുള്ള "ഉണ്ണീ വാ വാ വോ" കേട്ടിട്ടാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ പാട്ടിന്റെ പിറവിയെക്കുറിച്ച് ഓർത്തെടുത്ത് ​ഗാനനിരൂപകൻ രവി മേനോൻ. സിബി മലയിൽ സംവിധാനം ചെയ്ത സാന്ത്വനം എന്ന സിനിമയിലെ താരാട്ട് പാട്ടായ ഉണ്ണീ വാവാവോ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ രചനയിൽ മോഹൻ സിതാര ഈണമിട്ട ​ഗാനമാണ്. 33 വർഷം കഴിഞ്ഞിട്ടും, തലമുറകൾ തന്നെ മാറി വന്നിട്ടും ആ പാട്ട് ചിലരുടെയൊക്കെ ചുണ്ടിലുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണെന്ന് മോഹൻ സിതാര രവി മോനോനോട് പങ്കുവച്ചതായും കുറിപ്പിലുണ്ട്. എന്റെ ഈണത്തിന് അനുസരിച്ച് ലളിതസുന്ദരമായ വരികൾ എഴുതിത്തന്ന കൈതപ്രത്തെ ഓർക്കാതിരിക്കാനാവില്ല. വാത്സല്യം നിറഞ്ഞ ആ വരികൾ, പ്രത്യേകിച്ച് തുടക്കം, ആണ് പാട്ടിനെ ഇത്രയും ജനകീയമാക്കിയത് എന്നാണ് എന്റെ വിശ്വാസമെന്നും മോഹൻ സിതാര.

രവി മേനോൻ ഫേസ്ബുക്കിൽ കുറിച്ചത്

"പ്രേതബാധ"യുടെ ഓർമ്മ കൂടിയാണ് "ഉണ്ണീ വാവാവോ"

-----

പുലർച്ചെ രണ്ടു മണിക്ക് ഹോട്ടൽ മുറിയുടെ പാതി ചാരിയ വാതിലിനപ്പുറത്ത് പതുങ്ങിനിന്നു പേടിപ്പെടുത്തിയ രൂപം ആണോ പെണ്ണോ എന്നറിയില്ല മോഹന്; സത്യമോ മിഥ്യയോ എന്നു പോലും.

പക്ഷേ ആ അവ്യക്ത രൂപത്തിന് നന്ദി പറയും മോഹൻ സിതാര. മലയാളികൾ എക്കാലവും ഹൃദയത്തോട് ചേർത്തുവെക്കുന്ന താരാട്ടിന്റെ പിറവിക്ക് നിമിത്തമായത് ആ "പ്രേതക്കാഴ്ച്ച"യാണല്ലോ. "പാതി മയക്കത്തിൽ ആലുവാ പാലസിലെ മുറിയുടെ വാതിൽപ്പൊളിക്കപ്പുറത്ത് കണ്ട രൂപം കണ്ട് ഞെട്ടിവിറച്ചു പോയി. അസമയമല്ലേ. മുറിയിൽ ആരുമില്ല താനും. പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ പൊള്ളുന്ന പനി. രണ്ടു ദിവസം കൂടി പനിച്ചു കിടന്ന ശേഷമേ ഗാനസൃഷ്ടിയിൽ തിരിച്ചെത്താനായുള്ളൂ." -- മോഹൻ സിതാര ചിരിക്കുന്നു.

തിരിച്ചുവരവ് പക്ഷേ അവിസ്മരണീയമായി. രോഗശയ്യയിൽ നിന്ന് മോഹൻ ഉയിർത്തെഴുന്നേറ്റത് മനോഹരമായ ഒരീണവുമായാണ്. "സാന്ത്വന" (1991) ത്തിലെ സൂപ്പർ ഹിറ്റ് താരാട്ടായി മാറിയ ഗാനം: "ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ..." കമ്പോസിംഗ് സമയത്ത് മുറിയിലിരുന്ന് ഗിറ്റാർ മീട്ടിത്തന്ന സുഹൃത്തിനേയും മോഹൻ ഓർക്കുന്നു: പിൽക്കാലത്ത് പ്രശസ്ത സംഗീത സംവിധായകനായി മാറിയ അലക്സ് പോൾ.

ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിൻെറയും ആലിയ ബട്ടിന്റെയും മകൾ റാഹ നിത്യവും ഉറങ്ങുന്നത് അച്ഛൻ മൂളിക്കൊടുക്കാറുള്ള "ഉണ്ണീ വാ വാ വോ" കേട്ടിട്ടാണെന്ന വാർത്ത പങ്കുവച്ചപ്പോൾ മോഹൻ സിതാരക്ക് അത്ഭുതം; ഒപ്പം ആഹ്ലാദവും. "33 വർഷം കഴിഞ്ഞിട്ടും, തലമുറകൾ തന്നെ മാറി വന്നിട്ടും ആ പാട്ട് ചിലരുടെയൊക്കെ ചുണ്ടിലുണ്ട് എന്നത് സന്തോഷമുള്ള കാര്യം. എന്റെ ഈണത്തിന് അനുസരിച്ച് ലളിതസുന്ദരമായ വരികൾ എഴുതിത്തന്ന കൈതപ്രത്തെ ഓർക്കാതിരിക്കാനാവില്ല. വാത്സല്യം നിറഞ്ഞ ആ വരികൾ, പ്രത്യേകിച്ച് തുടക്കം, ആണ് പാട്ടിനെ ഇത്രയും ജനകീയമാക്കിയത് എന്നാണ് എന്റെ വിശ്വാസം."

സിബി മലയിൽ സംവിധാനം ചെയ്ത "സാന്ത്വന"ത്തിന്റെ കഥാഗതിയിൽ നിർണ്ണായക പ്രാധാന്യമുള്ള പാട്ടാണ് ഈ താരാട്ട്. ആലുവ പാലസിൽ ഒരു പകൽ മുഴുവനിരുന്നിട്ടും ട്യൂൺ ഫൈനൽ ആകുന്നില്ല. പിറ്റേന്ന് യജ്ഞം തുടരാം എന്ന് തീരുമാനിച്ചാണ് പാതിരാത്രിയോടെ ഉറങ്ങാൻ കിടന്നത്. എന്തുചെയ്യാം? വാതിലിനപ്പുറത്ത് ക്ഷണിക്കാതെ വിരുന്നുവന്നു ഞെട്ടിച്ച രൂപം ആ പദ്ധതി അപ്പടി തകർത്തു. "പക്ഷേ പനി മാറി ഞാൻ എഴുന്നേറ്റത് ഫ്രഷ് ആയ മനസ്സുമായാണ്. പടത്തിലെ രണ്ടു പാട്ടുകളും വഴിക്കുവഴിയായി വന്നു. ഉണ്ണീ വാവാവോ, സ്വരകന്യകമാർ. ഈണങ്ങൾക്കൊത്ത് കൈതപ്രം അനായാസം വരികൾ കുറിക്കുകയും ചെയ്തു."

"മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ

പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ

അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ

എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ ...." -- ഏത് അമ്മയുടെയും മനസ്സിനെ ആർദ്രമാക്കാൻ പോന്ന വരികൾ.

സിനിമയിൽ യേശുദാസിന്റെയും ചിത്രയുടെയും ശബ്ദങ്ങളിൽ വെവ്വേറെ സോളോ ആയി കടന്നുവരുന്നുണ്ട് "ഉണ്ണീ വാവാവോ"; രണ്ടു വ്യത്യസ്ത ഭാവങ്ങളിലാണെന്ന് മാത്രം. ആഹ്ലാദാന്തരീക്ഷമാണ് ചിത്രയുടെ പാട്ടിൽ. യേശുദാസിന്റെ വേർഷനിൽ വേദനയും. രണ്ടിനും ഓർക്കസ്‌ട്രേഷൻ വ്യത്യസ്തം. ചെന്നൈയിലെ എ വി എം സി തീയേറ്ററിലായിരുന്നു ഗാനലേഖനം.

"ഉറക്കുപാട്ട് ആയതിനാൽ ഈണം വളരെ ലളിതമാവണമെന്ന് നിശ്ചയിച്ചിരുന്നു." -- ഒന്ന് മുതൽ പൂജ്യം വരെയിലെ രാരി രാരീരം രാരോ എന്ന സൂപ്പർഹിറ്റ് താരാട്ടുമായി സിനിമയിൽ രംഗപ്രവേശം ചെയ്ത മോഹൻ സിതാരയുടെ വാക്കുകൾ. "സാധാരണക്കാരിയായ ഒരു അമ്മക്ക് പാടാൻ കഴിയണമല്ലോ ആ പാട്ട്. അധികം അലങ്കാരപ്പണികളൊന്നും വേണ്ട. കഴിയുന്നത്ര സിംപിൾ ആകുന്നതാണ് നല്ലത്. അതിനിണങ്ങുന്ന വരികൾ കൂടിയായപ്പോൾ പാട്ട് ജനങ്ങൾ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു."

ഇന്നും ആ പാട്ടിന്റെ ആരാധകരെ നിത്യേനയെന്നോണം കണ്ടുമുട്ടാറുണ്ട് മോഹൻ. മലയാളിയുടെ ഗാനാസ്വാദന ശീലങ്ങൾ മാറിയിരിക്കാം. ഗാനങ്ങളുടെ കെട്ടും മട്ടും മാറിയിരിക്കാം. സാങ്കേതികത മാറിയിരിക്കാം. എങ്കിലും അമ്മയുടെ മനസ്സിലെ സ്നേഹവാത്സല്യങ്ങൾക്ക് മാറ്റമില്ലല്ലോ. "ഉണ്ണീ വാവാവാ" എന്ന താരാട്ട് തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സഞ്ചരിക്കുന്നതിന് കാരണവും അതുതന്നെ.

Related Stories

No stories found.
logo
The Cue
www.thecue.in