എമ്മി പുരസ്‌കാരത്തില്‍ 14 നോമിനേഷനുകളുമായി നെറ്റ്ഫ്‌ലിക്‌സ് ബ്ലോക്ബസ്റ്റര്‍ സീരീസ് സ്‌ക്വിഡ് ഗെയിം. ചരിത്രത്തില്‍ ആദ്യമായി എമ്മിയില്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന അന്യ ഭാഷാ സീരീസ് കൂടിയാണ് സ്‌ക്വിഡ് ഗെയിം. സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ച് താരങ്ങളും പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
സീരീസിന്റെ സംവിധായകനായ ഹ്വാങ് ഡോങ്-ഹ്യൂക് ഡ്രാമ സീരീസ് വിഭാഗത്തില്‍ മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നീ നോമിനേഷനുകളില്‍ ഉണ്ട്. ആദ്യമായി ഈ വിഭാഗങ്ങളില്‍ നോമിനേഷന്‍ ലഭിക്കുന്ന കൊറിയന്‍ സ്വദേശി കൂടിയാണ് ഹ്വാങ് ഡോങ്-ഹ്യൂക്.
നടന്‍ ലീ-ജംഗ്-ജെ, സംവിധായകന്‍ ഹ്വാങ് ഡോങ്-ഹ്യൂക് എന്നിവര്‍ എമ്മി പുര്‌സകാരത്തില്‍ നോമിനേഷന്‍ ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. സ്‌ക്വിഡ് ഗെയിമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇരുവരും സന്തോഷം അറിയിച്ചത്.
ആദ്യം എന്റെ ആത്മാര്‍ത്ഥമായ നന്ദി എല്ലാവര്‍ക്കും അറിയിക്കുന്നു. ഇത്രയും മികച്ച അഭിനേതാക്കള്‍ക്കൊപ്പം നോമിനേറ്റഡ് ആകാന്‍ സാധിച്ചത് വലിയ കാര്യമാണ്. ഈ സന്തോഷം ഞാന്‍ സ്‌ക്വിഡ് ഗെയിമിന്റെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും സ്‌ക്വിഡ് ഗെയിമിന്റെ ടീമിനും ഒപ്പം പങ്കുവെക്കുന്നു
ലീ-ജംഗ്-ജെ
എമ്മിയില്‍ ആദ്യമായി നോമിനേറ്റ് ചെയ്യപ്പെടുന്ന അന്യ ഭാഷ സീരീസ് ആവാന്‍ സ്‌ക്വിഡ് ഗെയിമിന് സാധിച്ചതില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു. ഇത് ലോകത്തിലെ എല്ലാവര്‍ക്കും ഭാഷയുടെയും സംസ്‌കാരങ്ങളുടെയും അതിരുകളില്ലാതെ കൂടുതല്‍ കണ്ടന്റുകള്‍ ആസ്വദിക്കാനും അഭിനന്ദിക്കാനുമുള്ള ഒരു അവസരമായി മാറട്ടെ
ഹ്വാങ് ഡോങ്-ഹ്യൂക്
2021 സെപ്റ്റംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. സിയോളില്‍ നടക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് സ്‌ക്വിഡ് ഗെയിം. 450 പേര്‍ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിം നടക്കുകയാണ്. ഗെയിമില്‍ തോല്‍ക്കുന്നവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്ളത്.
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സീരീസ് ലോക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. 2022 ജൂണില്‍ സീരീസിന്റെ രണ്ടാം ഭാഗവും നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചിരുന്നു. 'റെഡ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ്' എന്ന സ്‌ക്വിഡ് ഗെയിമിലെ പ്രധാനപ്പെട്ട സിംബലുകള്‍ സൂചനകളായി നല്‍കിക്കൊണ്ടാണ് നെറ്റ്ഫ്‌ലിക്‌സ് രണ്ടാമത്തെ സീസണും അനൗണ്‍സ് ചെയ്തത്.