തിയറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സിനിമ സംഘടനകൾ. ആദ്യപ്രദർശനം കഴിഞ്ഞുള്ള തീയറ്റർ റിവ്യൂകളിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച്, ഡിജിറ്റൽ-ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ നിർമ്മാതാക്കളുടെ ശ്രദ്ധിയിൽപ്പെടുത്തിയെന്നും തിയറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് ഇത്തരം പ്രതികരണങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമെടുക്കുകയും ചെയ്ത വിവരം ഫെഫ്ക അറിയിച്ചു.ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യുട്ടിവ് യൂണിയൻ, ഫെഫ്ക പി ആർ ഒ യൂണിയൻ എന്നിവയുടെ പ്രതിനിധികളും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
മുപ്പത്തി ഒന്നാം തീയതി നടന്ന ചർച്ചയിൽ ഫെഫ്കയിൽ അംഗത്വമില്ലാത്ത ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഡിനേറ്റേഴ്സും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഫെഫ്കയിൽ അംഗത്വമുള്ള പി ആർ ഒ-മാർക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിർമ്മാതാക്കൾ കരാറിൽ ഏർപ്പെടേണ്ടെന്നും തീരുമാനിച്ചു. മാർക്കറ്റിങ്ങ് ഏജൻസികളുടേയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടേയും പട്ടിക പ്രൊഡ്യുസേഴ്സ് അസോസിയേഷൻ തയ്യാറാക്കുമെന്നും, ആ പട്ടികയിൽ ഉള്ളവരുമായി ചേർന്ന് വേണം പ്രൊമോഷൻ പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ നിർദ്ദേശം ഫെഫ്കയും അംഗസംഘടനകളും അംഗീകരിച്ചു.
സിനിമ റിവ്യുകൾക്ക് വിലക്കോ, സമയപരിധിയോ ഏർപ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും തങ്ങൾക്ക് യോജിപ്പില്ലെന്നും ഫെഫ്ക അറിയിച്ചു. എന്നാൽ, റിവ്യു എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങൾ നല്കി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്ന് വെയ്ക്കാൻ ഇനി സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. അത്തരം സാഹചര്യത്തിൽ കുറ്റവാളിൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡുസേഴ്സ് അസോസിയേഷനും ഒരു സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.