തീയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ മാർച്ചിൽ റിലീസിംഗ് തീരുമാനിച്ചിരിക്കുന്ന സിനിമകളുടെ റിലീസ് തീയതി മാറ്റേണ്ടി വരുമെന്ന് ഫിലിം ചേംബർ വൈസ് പ്രസിഡന്റ് അനിൽ തോമസ്. തീയറ്റർ വരുമാനത്തിൽ നഷ്ടം നേരിടുന്നതിനാൽ നിർമ്മാതാക്കളാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാൽ ചേംബർ അത്തരത്തിലുള്ള തീരുമാനങ്ങൾ ഒന്നും തന്നെ എടുത്തിട്ടില്ല. സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു മുഖ്യമന്ത്രിക്ക് ചേംബർ കത്തയച്ചിട്ടുണ്ട്. തത്കാലം സെക്കൻഡ് ഷോ അനുവദിക്കുവാൻ കഴിയാത്ത സാഹചര്യമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയുവാൻ സാധിച്ചതെന്നും അദ്ദേഹം ദി ക്യൂവിനോട് പറഞ്ഞു
സെക്കൻഡ് ഷോയും കൂടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തത്ക്കാലം സെക്കൻഡ് ഷോ പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയുവാൻ സാധിച്ചത്. വരുമാനനഷ്ടം കാരണം സിനിമകളുടെ റിലീസിംഗ് മാറ്റിവെയ്ക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഫിലിം ചേംബർ അങ്ങനെയൊരു ആവശ്യം മുന്നോട്ടു വെച്ചിട്ടില്ല. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് സെക്കൻഡ് ഷോ ഇല്ലെങ്കിൽ റിലീസിംഗ് മാറ്റേണ്ടി വരും. അമ്പതു ശതമാനം സീറ്റുകൾ മാത്രമുള്ളപ്പോൾ വരുമാനത്തിൽ കാര്യമായ നഷ്ടമുണ്ടാകും പിന്നെ സെക്കൻഡ് ഷോ കൂടി ഇല്ലാതിരുന്നാൽ സാഹചര്യം തീരെ മോശമാകും. മാർച്ച് 31 വരെയാണ് വിനോദ നികുതിയിൽ ഇളവ് നൽകിയിരിക്കുന്നത്. അത് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ് നികുതിയും ജിഎസ്ടിയും കൊടുത്തുകൊണ്ടു തീയറ്ററുകൾ നടത്തുവാൻ ബുദ്ധിമുട്ടാണ്.
കഴിഞ്ഞ ദിവസം കൂടിയ ഫിലിം ചേംബറിന്റെ മീറ്റിംഗിന് ശേഷമാണ് റിലീസുകൾ നീട്ടിവെക്കാനുള്ള തീരുമാനം ഉണ്ടായത്. വൈകുംനേരം ഒമ്പത് മണി വരെ ഉണ്ടാകാത്ത എന്ത് കൊവിഡാണ് ഒമ്പതിന് ശേഷം ഉണ്ടാവുക എന്ന് മീറ്റിങ്ങിൽ പലരും ചോദ്യമുയർത്തി. മലയാള സിനിമയ്ക്ക് കളക്ഷനിൽ വലിയ ഇടിവാണ് സംഭവിക്കുന്നതെന്നും മീറ്റിങ്ങിൽ പറഞ്ഞു. സിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് മാർച്ച് നാലിനായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. ഇതോടെ പ്രീസ്റ്റിന്റെ റിലീസ് തീയതിയും മാറ്റാനാണ് സാധ്യത.