രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തമിഴ് റീമേക്കിന്റെ പൂജ നടന്നു. ഷൂട്ടിംഗ് മാര്‍ച്ച് ആദ്യ വാരം കാരക്കുടിയില്‍ ആരംഭിക്കും. മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച നായികാ കഥാപാത്രം തമിഴിലെത്തുമ്പോള്‍ ഐശ്വര്യാ രാജേഷ് അവതരിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ഒറിജിനല്‍ പതിപ്പില്‍ നിന്ന് തമിഴ് ജീവിതാന്തരീക്ഷത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ റീമേക്കിലുണ്ടാകും. തമിഴിലെ മുന്‍നിര സംവിധായകന്‍ ഗൗതം മേനോന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെക്കുറിച്ച് സംസാരിച്ചിരുന്നു. സിനിമ ഏറെ ഇഷ്ടമായെന്നും ഏറെ പ്രചോദിപ്പിച്ച ചിത്രമാണെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റീമേക്കിന്റെ പൂജ ചടങ്ങില്‍ ഐശ്വര്യയും സംവിധായകന്‍ കണ്ണനും മറ്റ് അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണന്‍ തമിഴിന് പുറമേ തെലുങ്കിലും ചിത്രത്തിന്റെ റീമേക്ക് ഒരുക്കുന്നുണ്ട് .ബാലസുബ്രമണ്യമാണ് ഛായാഗ്രഹണം, സവരി മുത്തുവും എസ് ജീവിതയുമാണ് സംഭാഷണം ഒരുക്കുന്നത്. എഡിറ്റര്‍- ലിയോ ജോണ്‍ പോള്‍, കലാസംവിധാനം- രാജ്കുമാര്‍.
ഒടിടി പ്ലാറ്റ്‌ഫോം നീസ്ട്രീം വഴിയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ഏറെ ശ്രദ്ധിക്കപ്പെട്ട 'രണ്ട് പെണ്‍കുട്ടികള്‍', 'കുഞ്ഞുദൈവം' എന്നി ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. മുന്‍ ചിത്രമായ 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' കൊവിഡ് കാലത്ത് ടെലിവിഷന്‍ പ്രിമിയര്‍ ചെയ്ത മലയാളചിത്രവുമായിരുന്നു.