ആധാര്‍ നടപ്പാക്കല്‍ ആസ്പദമാക്കി ബോളിവുഡ് ചിത്രം; ദൃശ്യം ഫിലിംസിന്റെ ‘ആധാര്‍’ പ്രീമിയര്‍ ബുസാന്‍ ചലച്ചിത്ര മേളയില്‍
രാജ്യത്ത് ആധാര്‍ കാര്‍ഡ് നടപ്പാക്കിയ സമയത്ത് സാധാരണക്കാരന്‍ നേരിട്ട ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ആസ്പദമാക്കി ദേശീയ പുരസ്‌കാര ജേതാവായ സുമന്‍ ഘോഷ് ഒരുക്കുന്ന പുതിയ ചിത്രമാണ് ആധാര്‍. വിനീത് കുമാര്‍ നായകനാകുന്ന ചിത്രം നിര്‍മിക്കുന്നത് മാസാന്‍, ഉമ്രിക, ന്യൂട്ടണ്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച ദൃശ്യം ഫിലിംസാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി ആധാര്‍ കാര്‍ഡിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആധാര്‍ അനുകൂല നിലപാടോ വിരുദ്ധ സമീപനമോ കൈക്കൊള്ളുന്ന ചിത്രമല്ല ആധാറെന്ന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മുന്‍പ് ‘ഹിന്ദുസ്ഥാന്‍ ടൈംസിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ആധാര്‍ നടപ്പാക്കുന്നത് സാധാരണക്കാരെ എങ്ങനെയാണ് ബാധിച്ചതെന്നാണ് ചിത്രം പറയുന്നതെന്നും താരം പറഞ്ഞു.
മാധ്യമങ്ങളില്‍ വരുന്നതെല്ലാം അതുപോലെ വിശ്വസിക്കുന്ന ഒരാള്‍ ആധാര്‍ കാര്‍ഡ് എടുക്കുവാന്‍ പോകുന്നതും പിന്നീട് വ്യവസ്ഥിതിക്കുള്ളില്‍ കുരുങ്ങുന്നതുമാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ സുമന്‍ ഘോഷും വ്യക്തമാക്കി. വ്യവസ്ഥിതികള്‍ക്കുള്ളിലെ സത്യങ്ങളിലേക്ക് ചിത്രം വിരല്‍ ചൂണ്ടും. ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഈ മാസം 24ന് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നടക്കും. റിലയന്‍സിന്റെ ജിയോ സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
‘ദ ക്യൂ’ ഇനിമുതല്‍ ടെലിഗ്രാമിലും ലഭ്യമാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കുമായി ടെലിഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക