കൊവിഡ് ഒരു വര്‍ഷത്തോളം സൃഷ്ടിച്ച സ്തംഭനാവസ്ഥക്ക് ശേഷം 2021 തുടക്കത്തില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ കേരളത്തിലെ പ്രദര്‍ശന ശാലകളില്‍ തരംഗം തീര്‍ത്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ.
സൂപ്പര്‍താരങ്ങളോ മുന്‍നിര താരങ്ങളോ ഇല്ലാതെ വന്‍വിജയമൊരുക്കിയ ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രം. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മാണം. ഉത്രാട ദിനത്തില്‍ സിനിമയുടെ പ്രീ പ്രൊഡക്ഷനിലേക്ക് പ്രവേശിച്ചതായി തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.
2019 ലെ ഒരു ഓണദിവസമാണ് യാതൊരു മുൻ പരിചയവുമില്ലാത്ത ഞാൻ ഒരു തിരക്കഥയുമായി
വി സിനിമാസിന്റെ ഓഫീസിലേയ്ക്ക് ചെന്ന് കയറുന്നത്. തുടക്കക്കാരന്റെ വെപ്രാളത്തിൽ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഞാൻ കേൾക്കുന്നത്
."നമ്മൾ ഈ സിനിമ ചെയ്യുന്നു" എന്ന് വാചകമാണ്...
ആ സിനിമയാണ് നമ്മൾ ആഘോഷിച്ച
"ഓപ്പറേഷൻ ജാവ"
2021 ലെ ഈ ഓണം ആഘോഷിക്കുമ്പോൾ മനസ്സിൽ ഇപ്പോഴും ജാവയ്ക്ക് തീയേറ്ററിൽ നിന്നും കിട്ടിയ കൈയ്യടികളുണ്ട്, ചിരികളുണ്ട്, നൊമ്പരങ്ങളുണ്ട് പിരിമുറുക്കങ്ങളുണ്ട്...
അന്ന് നിങ്ങൾ പ്രേക്ഷകർ മനസറിഞ്ഞു നൽകിയ സ്നേഹവും കരുതലും തന്നെയാണ് ഞങ്ങളുടെ അടുത്ത സിനിമയുടേയും ഊർജം..
അതെ,പറഞ്ഞു വരുന്നത് ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ പറ്റിയാണ്.
ഇന്ന് ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന്റെ തുടക്കമായിരുന്നു. ഓപ്പറേഷൻ ജാവ തുടങ്ങുന്നതിനു മുൻപ് ടൈറ്റിൽ കാർഡിൽ കുറിച്ചിട്ടത് പോലെ
നിയോഗിച്ച വൈക്കത്തപ്പന്റെ നടയിൽ നിന്ന് തന്നെയാണ് പുതിയ ചിത്രത്തിന്റെ തുടക്കവും.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ഉർവശി തീയറ്റേഴ്സിന് വേണ്ടി സന്ദീപ് സേനൻ ആണ് ഞങ്ങളുടെ ചിത്രം നിർമ്മിക്കുന്നത്..
കോവിഡിന്റെ ഞെരുക്കത്തിൽ ജാവയുടെ റിലീസ് പോലും അനശ്ചിതിത്വലായിരുന്ന സമയത്ത്
"നിന്റെ അടുത്ത സിനിമ ഞാൻ ചെയ്തോളാം" എന്ന് സന്ദീപേട്ടൻ പറയുമ്പോൾ ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിന്റെ ഒരു വിഷ്വൽസ് പോലും അവർ കണ്ടിരുന്നില്ല, കാണണം എന്ന് പറഞ്ഞതുമില്ല...
അന്ന് മുതൽ ഇന്നോളം ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്ത്,സ്നേഹിച്ച്, ലാളിച്ച്, ആശിച്ച് ഒരുക്കുന്നതാണ് ഹൃദയത്തോട് ഒരുപാട് ചേർന്നു നില്ക്കുന്ന ഈ കുഞ്ഞ് ചിത്രം.ജാവയ്ക്കു നിങ്ങൾ നല്കിയ വലിയ പിന്തുണയിൽ നിന്നുമാണ് നമ്മുടെ രണ്ടാമത്തെ സിനിമ ജനിയ്ക്കുന്നത്...
കൂടുതൽ വിവരങ്ങൾ വഴിയേ പറയാം.....
ആദ്യ സിനിമയുടെ വിജയം കണ്ടപ്പോൾ എല്ലാവരും ഒരേ പോലെ പറഞ്ഞിരുന്നു..
"നിന്റെ അടുത്ത സിനിമയാണ് നിന്റെ ആദ്യ സിനിമയെന്ന്"
അതെ
"ഇത് തന്നെയാണ് ഞങ്ങളുടെ ആദ്യ സിനിമ"
സ്നേഹ പൂർവ്വം
തരുൺ മൂർത്തി
C/o ഉർവശി തീയറ്റേഴ്സ്
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് തരുണ്‍ മൂര്‍ത്തിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്നത്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രം നിര്‍മ്മിക്കുന്നതും സന്ദീപ് സേനനാണ്. സച്ചി ചെയ്യാനിരുന്ന ചിത്രമാണ് ശിഷ്യന്‍ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നത്.
ഓപ്പറേഷന്‍ ജാവ ബോളിവുഡിലേക്ക്
2021 തുടക്കത്തില്‍ ഹിറ്റ് സിനിമകളിലൊന്നായ ഓപ്പറേഷന്‍ ജാവ ബോളിവുഡിലേക്ക്. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷന്‍ ജാവ ഹിന്ദി റീമേക്ക് വിവരം പുറത്തുവിട്ടത്. സൂപ്പര്‍താരങ്ങളോ മുന്‍നിര താരങ്ങളോ ഇല്ലാതെയെത്തി തിയറ്ററുകള്‍ 75 ദിവസം വിജകരമായി പ്രദര്‍ശിപ്പിച്ച ചിത്രം കൂടിയാണ് ഓപ്പറേഷന്‍ ജാവ.