തമിഴ് ബോക്സ് ഓഫീസിന് പുതുജീവൻ; തങ്കലാൻ, ഡീമോണ്ടി കോളനി - 2 കളക്ഷൻ

തമിഴ് ബോക്സ് ഓഫീസിന് പുതുജീവൻ; തങ്കലാൻ, ഡീമോണ്ടി കോളനി - 2 കളക്ഷൻ
Published on

ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമ കളക്ഷൻ ചാർട്ടുകളിൽ തിരികെയെത്തുകയാണ്. ഒരുപിടി മികച്ച സിനിമകളാണ് ഈ മാസം തമിഴിൽ നിന്നായി തിയറ്ററുകളിൽ എത്തിയത്. ആഗസ്റ്റ് 15 ന് തങ്കലാൻ, ഡീമോണ്ടി കോളനി 2, രഘുതാത്ത എന്നീ മൂന്ന് ചിത്രങ്ങളാണ് റിലീസിനെത്തിയത്. റിപ്പോർട്ട് പ്രകാരം ഈ ചിത്രങ്ങൾ ഒരുമിച്ച് 12 ദിവസം കൊണ്ട് തിയറ്ററിൽ നിന്ന് നേടിയത് 106 കോടിയോളം രൂപയാണ്. തമിഴ് സിനിമകൾ തിയറ്റർ കളക്ഷനിൽ പിന്നോട്ട് പോയിക്കൊണ്ടിരുന്നു എന്ന വിമർശനം വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ ആശ്വാസ വാർത്ത.

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ വിക്രം നായകനായി എത്തിയ 'തങ്കലാനാ'ണ് ലിസ്റ്റിൽ ഇതുവരെ കൂടുതൽ പണം വാരിയ ചിത്രം. ഏകദേശം 67.5 കോടി രൂപയാണ് ചിത്രം ഇതിനകം തിയറ്ററുകളിൽ നിന്ന് നേടിയത്. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ഡീമോണ്ടി കോളനി രണ്ടാം ഭാഗവും തിയറ്ററിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. 38.5 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഡീമോണ്ടി കോളനി എന്ന ആദ്യ ചിത്രത്തിന്റെ തുടർച്ചയായി എത്തിയ രണ്ടാം ഭാഗത്തിന് രണ്ടാമത്തെ ആഴ്ച്ചയിലും വലിയ പ്രേക്ഷകത്തിരക്കാണ് അനുഭവപ്പെടുന്നത്.

വിക്രം, പാർവ്വതി, മാളവിക മോഹനൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാൻ കോളർ ഗോൾഡ് ഫീൽഡിന്റെ കഥയാണ് പറഞ്ഞത്. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമ വിഭാഗത്തിലെത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാ രഞ്ജിത്തും തമിഴ് പ്രഭയും ചേർന്നായിരുന്നു. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫിസിൽ 50 കോടി കളക്ഷൻ ഈ ചിത്രം നേടിക്കഴിഞ്ഞു.

തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. ചിത്രത്തിനുവേണ്ടിയുള്ള കേരളത്തിലെ പ്രൊമോഷൻ മാറ്റിവെച്ച്, അതിനായി കരുതിയിരുന്ന തുക വയനാട്ടിലെ ദുരിത ബാധിതർക്ക് വേണ്ടി നൽകിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in