ഷാരൂഖ് ഖാനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന നടനായി വിജയ്; ദളപതി 69 വിജയ് വാങ്ങുന്ന പ്രതിഫലം ഇതാ

ഷാരൂഖ് ഖാനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന നടനായി വിജയ്; ദളപതി 69 വിജയ് വാങ്ങുന്ന പ്രതിഫലം ഇതാ
Published on

ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാവായി നടൻ വിജയ്. ദളപതി 69 എന്ന ചിത്രത്തിന് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലം 275 കോടി രൂപയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ എന്ന ഷാരൂഖ് ഖാന്റെ റെക്കോർഡാണ് വിജയ് തകർത്തിരിക്കുന്നത്. തൻ്റെ സമീപകാല പ്രോജക്റ്റിന് വേണ്ടി 250 കോടി രൂപയാണ് ഷാരൂഖ് ഖാൻ വാങ്ങിയ പ്രതിഫലം. ഇതിനെ മറികടന്നു കൊണ്ടാണ് വിജയ്യുടെ ഈ കുതിപ്പ്. രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കാൻ തയ്യാറാകുന്ന വിജയ്യുടെ അവസാന ചിത്രമാണ് ദളപതി 69. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കെവിഎൻ പ്രൊഡക്‌ഷൻസ് ആണ്.

അനിരുദ്ധ് രവിചന്ദറാണ് ദളപതി 69 സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമ്മാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും. വിജയ്യുടെ കരിയറിലെ അവസാനത്തെ ചിത്രം എന്ന തരത്തിൽ ആരാധകരിൽ ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ദളപതി 69. സതുരംഗ വേട്ടൈ, തുണിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് എച്ച് വിനോദ്. ചിത്രത്തിന്റെ അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ഇതുവരെയും പുറത്തു വിട്ടിട്ടില്ലെങ്കിലും സിമ്രാൻ, മോഹൻലാൽ, മമിത ബൈജു, സമന്ത റൂത്ത് പ്രഭു, പൂജ ഹെഗ്‌ഡെ തുടങ്ങിയവർ ചിത്രത്തിൽ അണി നിരക്കും എന്ന് റിപ്പോട്ടുകളുണ്ട്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ​ഗോട്ടാണ് ഒടുവിലായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന വിജയ് ചിത്രം. 200 കോടി രൂപയാണ് ഇതുവരെയ്ക്കും ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തിയിരിക്കുന്നത്. ചിത്രത്തിൽ പ്രശാന്ത്, സ്‌നേഹ, മോഹൻ, പ്രഭുദേവ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ആക്ഷൻ മൂഡിലെത്തുന്ന ചിത്രത്തിൽ മീനാക്ഷി ചൗധരിയാണ് നായിക. ചിത്രത്തിൽ അച്ഛനും മകനുമായാണ് വിജയ് എത്തുന്നത്. എ.ജി.എസ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ അര്‍ച്ചന കല്‍പ്പാത്തി, കല്‍പ്പാത്തി എസ് അഘോരം, കല്‍പ്പാത്തി എസ് ഗണേഷ് , കല്‍പ്പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടൈൻമെന്റ് നിര്‍മിക്കുന്ന ഇരുപത്തിയഞ്ചാമത് ചിത്രം കൂടിയാണ് 'ദി ഗ്രെറ്റസ്റ്റ് ഓഫ് ഓൾ ടൈം'

Related Stories

No stories found.
logo
The Cue
www.thecue.in