മമ്മൂട്ടി സാർ അഭിനയിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടന്ന് തനിക്ക് അബ്രഹാം ഓസ്ലർ കാണണം എന്ന് വിജയ് താൽപര്യം പ്രകടിപ്പിച്ചതായി നടൻ ജയറാം. ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടെെം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടി മദ്രാസിലാണ് നടൻ വിജയ്. വിജയ്ക്കൊപ്പം ജയറാമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ തന്റെ സിനിമ ഇറങ്ങി എന്നറിഞ്ഞപ്പോൾ വിജയ് ചോദിച്ചത് ഇതിൽ മമ്മൂട്ടി സാർ ഉണ്ടോ എന്നാണ് എന്ന് ജയറാം പറയുന്നു. അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം തനിക്ക് ഈ സിനിമ കാണണം എന്നും അദ്ദേഹം എന്താണ് ഈ സിനിമയിൽ ചെയ്തിരിക്കുന്നത് എന്ന് തനിക്ക് അറിയണമെന്നും വിജയ് പറഞ്ഞു എന്ന് ജയറാം പറയുന്നു. അദ്ദേഹത്തിന് സിനിമ കാണാനുള്ള ഏർപ്പാടുകൾ താൻ ചെയ്തിട്ടുണ്ടെന്ന് അബ്രാഹാം ഓസ്ലറിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേ ജയറാം പറഞ്ഞു.
ജയറാം പറഞ്ഞത്:
കഴിഞ്ഞ ദിവസം വിജയ്യുടെ കൂടെയുള്ള ഷൂട്ടിംഗ് നടക്കുകയായിരുന്നു മദ്രാസിൽ. സിനിമ ഇറങ്ങി എന്ന് പറഞ്ഞപ്പോൾ വിജയ് ഓടി വന്ന് എന്നോട് ചോദിച്ചു ഇതിൽ മമ്മൂട്ടി സാർ ഉണ്ടോ എന്ന്. അങ്ങനെയാണെങ്കിൽ എനിക്ക് ഇമ്മിഡിയറ്റായി ഈ സിനിമ കാണണം എന്ന്. എന്താണ് അദ്ദേഹം ചെയ്തിരിക്കുന്നത് എന്ന് കാണാൻ വേണ്ടിയിട്ടാണ്. ഇത്ര ഡിഫറന്റായിട്ട് ഒരോ സിനിമയും സെലക്ട് ചെയ്യുന്ന അദ്ദേഹത്തിന് എന്തെങ്കിലും കാരണമുണ്ടാകും ഇത് ചെയ്യാൻ. എന്താണ് ആ കഥാപാത്രം എന്ന് എനിക്കറിയണമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് സിനിമ കാണാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.
അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അബ്രഹാം ഓസ്ലർ'. ചിത്രത്തിൽ കാമിയോ റോളിൽ ജയറാമിനൊപ്പം മമ്മൂട്ടിയും എത്തുന്നുണ്ട്. അബ്രഹാം ഓസ്ലറിന് മിഥുന്‍ മാനുവല്‍ തോമസിന്റെ മുൻ ചിത്രമായ അഞ്ചാം പാതിരയുമായി യാതൊരു ബന്ധവുമില്ലെന്ന് മുമ്പേ ജയറാം പറഞ്ഞിരുന്നു. ഒരു സിനിമ പോലെ മറ്റൊരു സിനിമ വരരുതെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് മിഥുൻ മാനുൽ തോമസ്. അതുകൊണ്ട് തുടക്കത്തിലേ അഞ്ചാം പാതിര പോലെയൊരു സിനിമ വേണ്ടെന്ന് വച്ചിട്ട് പുതിയൊരു കഥയിലേക്കാണ് അദ്ദേഹം വന്നതെന്ന് ജയറാം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജയറാം പറഞ്ഞത് :
അഞ്ചാം പാതിര വേറെയൊരു സിനിമയാണ് അതുമായി യാതൊരു ബന്ധവും ഓസ്‌ലറിനില്ല. ഒരു സിനിമ പോലെ മറ്റൊരു സിനിമ വരരുതെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് മിഥുൻ മാനുൽ തോമസ്. അതുകൊണ്ട് തുടക്കത്തിലേ അഞ്ചാം പാതിര പോലെയൊരു സിനിമ വേണ്ടെന്ന് വച്ചിട്ട് പുതിയൊരു കഥയിലേക്കാണ് അദ്ദേഹം വന്നത്. ഒരു ദിവസം എന്നെ വിളിച്ച് കഥ പറയണമെന്ന് പറയുന്നു അങ്ങനെ ഞാൻ കഥ കേട്ടു. ആക്ഷൻ പടമാണോ ഇതെന്ന് ഞാൻ ചോദിച്ചു. അല്ല മെഡിക്കൽ ത്രില്ലറാണ്, തിരക്കഥയെഴുതിയിരിക്കുന്നത് വയനാട്ടിലെ കൃഷ്ണാ എന്നയാളാണ്, ഡോക്ടർ ആണ് അദ്ദേഹം എന്ന് പറഞ്ഞു. ഫുൾ കഥ കേട്ട് ആദ്യം അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇത് വേറെ ആളെ വച്ച് ചിന്തിച്ചുകൂടെ എന്നാണ്. എന്റെ മനസ്സിലെ അബ്രഹാം ഓസ്‌ലർ ജയറാമാണ്, നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റുമോയെന്ന് മിഥുൻ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു 100 ശതമാനം. രൂപം എങ്ങനെ ഇരിക്കണം, എത്ര നര വേണം, നടത്തത്തിൽ വ്യത്യാസം വേണം എന്നുള്ളത് അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയായ പത്മരാജൻ സാറിന്റെ സിനിമയിൽ പോയി ഇരുന്ന പോലെ വന്നിരുന്നു തരാം എന്താണ് നിങ്ങൾ പറയുന്നത് അത് ഞാൻ ചെയ്ത് തരാം എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആദ്യത്തെ ദിവസം പോയി ഇരുന്ന രൂപമാണ് ഇത്. അതിൽ 90 ശതമാനം ഓക്കെ എന്ന് പറഞ്ഞു 10 ശതമാനം അദ്ദേഹം പറഞ്ഞു തന്നത് അനുസരിച്ച് ഫസ്റ്റ് ഡേ തന്നെ കറക്റ്റ് ചെയ്തു. പിന്നെ 52 ദിവസവും അദ്ദേഹത്തിന് പറഞ്ഞുതരേണ്ടി വന്നിട്ടില്ല അത് തന്നെ ഫോളോ ചെയ്ത് പോയി.
ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണൻ തിരക്കഥ എഴുതിയ ചിത്രം നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് നിർമിച്ചത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.