സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനാകുന്ന ചിത്രമാണ് തലൈവർ 171. ചിത്രം LCUവിൽ ഉൾപ്പെടില്ലെന്നും സ്റ്റാൻഡ് എലോൺ സിനിമ ആയി ആണ് ഒരുക്കുന്നതെന്നും ലോകേഷ് കനകരാജ്. തനിക്കും ആ സിനിമ ഒരു ഴോണർ ഷിഫ്റ്റ് ആയിരിക്കുമെന്നും കാസ്റ്റിംഗ് സർപ്രൈസ് ആണെന്നും ലോകേഷ് പറഞ്ഞു. അനിരുദ്ധും താനും ചേർന്നാണ് നരേഷനായി പോയിരുന്നതെന്നും കഥ കേട്ട് രജനി സാരി കെട്ടിപ്പിടിച്ച് കലക്കിട്ടെ കണ്ണാ എന്ന് അഭിനന്ദിച്ചെന്നും ലോകേഷ് കനകരാജ് കുമുദം എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മലയാളം ഇൻഡസ്ട്രിയിലെ എഴുത്തുകാരോട് വളരെ ബഹുമാനമുണ്ട് മലയാളത്തിലെ എഴുത്തുകാരുമായി സഹകരിക്കാൻ താല്പര്യമുണ്ടെന്നും ലോകേഷ് പറഞ്ഞു. ചിലപ്പോൾ രജനി സാറുമായുള്ള അടുത്ത സിനിമയ്ക്കായി മലയാളത്തിലെ എഴുത്തുകാരുമായി വർക്ക് ചെയ്യുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു. രജനി സാർ സിനിമ ആരംഭിക്കാനായി വളരെ ആവേശത്തിലാണെന്നും, തലൈവർ 171 ന്റെ ഷൂട്ടിങ് മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരമോ ആരംഭിക്കുമെന്നും ലോകേഷ് പറഞ്ഞു.
എന്തിരൻ, പേട്ട, അണ്ണാത്തെ, ജയിലർ എന്നീ സിനിമകൾക്ക് ശേഷം രജനികാന്തും സൺ പിക്‌ചേഴ്‌സ്സും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് തലൈവർ 171. വിജയ്‌യെ നായകനാക്കി ഒരുങ്ങുന്ന ലിയോക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ നിർവഹിക്കുന്നത് അൻപറിവ് ആണ്. വിജയ് നായകനാകുന്ന ലിയോ ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തും. തൃഷ, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ്, പ്രിയ ആനന്ദ്, സഞ്ജയ് ദത്ത് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ലിയോ. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം മനോജ് പരമഹംസ. ഫിലോമിൻ രാജ് എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് അൻബറിവാണ്. കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ് ലിയോ കേരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.