ജയിലറിന് ശേഷം രജനികാന്തിനെ നായകനാക്കി അടുത്ത ചിത്രം പ്രഖ്യാപിച്ച് സൺ പിക്‌ചേഴ്‌സ്. 'തലൈവർ 171' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് ആണ്. വിജയ്‌യെ നായകനാക്കി ഒരുങ്ങുന്ന ലിയോക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ നിർവഹിക്കുന്നത് അൻപറിവ് ആണ്. ചിത്രത്തിന്റെ ഷൂട്ട് 2024 ഫെബ്രുവരിയിൽ ആരംഭിക്കും.
എന്തിരൻ, പേട്ട, അണ്ണാത്തെ, ജയിലർ എന്നീ സിനിമകൾക്ക് ശേഷം രജനികാന്തും സൺ പിക്‌ചേഴ്‌സ്സും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് തലൈവർ 171. നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി പുറത്തിറങ്ങിയ ജയിലർ 500 കോടിയിലധികം ബോക്സ് ഓഫീസിൽ നിന്ന് നേടിയിരുന്നു. അനിരുദ്ധ് സംഗീതം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 ആണ് രജനികാന്തിന്റെ അടുത്ത ചിത്രം. ലൈക്ക പ്രൊഡക്ഷൻസിന്റെ കീഴിൽ സുഭാസ്കരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. എൻകൗണ്ടർ ശിക്ഷയ്‌ക്കെതിരെ പോരാടുന്ന ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായാണ് രജനികാന്ത് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്.
വിജയ് നായകനാകുന്ന ലിയോ ആണ് ലോകേഷ് കനകരാജിന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഒക്ടോബർ 19 ന് പുറത്തിറങ്ങുന്ന ലിയോയിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.