കാന്താരയിലെ വരാഹ രൂപം നവരസത്തിന്റെ കോപ്പി¸; നിയമനടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്

കാന്താരയിലെ വരാഹ രൂപം നവരസത്തിന്റെ കോപ്പി¸; നിയമനടപടിക്കൊരുങ്ങി തൈക്കുടം ബ്രിഡ്ജ്
Published on

റിഷബ് ഷെട്ടി സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രമായി എത്തിയ കന്നട ചിത്രം കാന്താരയിലെ വരാഹ രൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസ എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപണം. പിന്നണി ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ഒരേ രാഗമായത് കൊണ്ട് തോന്നുന്നതല്ല, മറിച്ച് വരാഹ രൂപം നവരസയുടെ കോപ്പിയാണെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതിന് പിന്നാലെ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണവുമായി തൈക്കുടം ബ്രിഡ്ജും രംഗത്തെത്തി. തൈക്കുടം ബ്രിഡ്ജിന്റെ 'നവരസ'വും കാന്താര എന്ന സിനിമയിലെ 'വരാഹ രൂപം' എന്ന ഗാനവുമായി ഒഴിവാക്കാനാവാത്ത തരത്തിലുള്ള സാമ്യമാണ് ഉള്ളത്. അതിനാല്‍ ഇത് കോപ്പിറൈറ്റ് നിയമത്തിന്റെ ലംഘനമാണെന്നാണ് തൈക്കുഡം ബ്രിഡ്ജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സംഭവത്തില്‍ കാന്താരയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഇവര്‍.

തൈക്കുടം ബ്രിഡ്ജിന്റെ പോസ്റ്റ്:

തൈക്കുടം ബ്രിഡ്ജ് ഒരു തരത്തിലും കാന്താര എന്ന സിനിമയുമായി അസോസിയേറ്റ് ചെയ്തിട്ടില്ലെന്ന് ഞങ്ങളുടെ പ്രേക്ഷകരെ അറിയിക്കുന്നു. തൈക്കുടം ബ്രിഡ്ജിന്റെ 'നവരസ'വും കാന്താര എന്ന സിനിമയിലെ 'വരാഹ രൂപം' എന്ന ഗാനവുമായി ഒഴിവാക്കാനാവാത്ത തരത്തിലുള്ള സാമ്യമാണ് ഉള്ളത്. അതിനാല്‍ ഇത് കോപ്പിറൈറ്റ് നിയമത്തിന്റെ ലംഘനമാണ്.

ഇത് ഒരിക്കലും നവരസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെയ്തതല്ല. മറിച്ച് കോപ്പിയടിച്ചത് തന്നെയാണ് എന്ന് വ്യക്തമായതിനാല്‍ ഇതിന് ഉത്തരവാദികളായ ക്രിയേറ്റീവ് ടീമിനെതിരെ ഞങ്ങള്‍ നിയമനടപടി തേടും. പാട്ടിന് മേലുള്ള ഞങ്ങളുടെ അവകാശത്തിന് യാതൊരു അംഗീകാരവും ലഭിച്ചിട്ടില്ല. കൂടാതെ സിനിമയുടെ ക്രിയേറ്റീവ് ടീം വരാഹ രൂപം അവരുടെ തന്നെ സൃഷ്ടിയാണെന്ന് അവകാശപ്പെടുകയും ചെയ്തു. കോപ്പിയടി വിവാദം തുടങ്ങിയ സമയത്ത് , കാന്താരയുടെ സംഗീത സംവിധായകന്‍ ബി. അജനീഷ് ലോക്‌നാഥ് ഈ വിവാദങ്ങളെ പൂര്‍ണ്ണമായും നിരസിച്ചിരുന്നു. കോപ്പിയടി നടന്നിട്ടില്ലെന്നും ഒരേ രാഗമായതു കൊണ്ട് തോന്നുന്നതാണെന്നും പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in