വിജയ് സേതുപതിയുടെ കരിയറിലെ വമ്പന്‍ വിജയമായി മാറിയ വിക്രം വേദയുടെ ഹിന്ദി റീമേക്ക് ടീസര്‍ പുറത്ത്. തമിഴ് പതിപ്പിനോട് ഏറെക്കുറെ സമാനതകളുള്ള രീതിയിലാണ് ഹിന്ദി പതിപ്പിന്റെ ടീസര്‍. മാധവനെയും വിജയ് സേതുപതിയെയും നായക താരങ്ങളാക്കി 2017ല്‍ തമിഴ് വിക്രം വേദ ഒരുക്കിയ പുഷ്‌കര്‍-ഗായത്രി ദമ്പതികള്‍ തന്നെയാണ് ബോളിവുഡ് പതിപ്പും ഒരുക്കുന്നത്.
മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസ് കഥാപാത്രമായി സെയ്ഫ് അലിഖാനും വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന ഗാംഗ്സ്റ്ററുടെ റോളില്‍ ഹൃതിക് റോഷനും ഹിന്ദി സ്‌ക്രീനിലെത്തും. വിക്രം വേദയിലെ തരംഗമായി മാറിയ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഒരുക്കിയ സാം സി.എസ് ആണ് ബോളിവുഡിലും സംഗീതമൊരുക്കുന്നത്.
ഹിന്ദിയിലും തമിഴ് ഒറിജിനലിലെ കഥാപശ്ചാത്തലങ്ങള്‍ തീര്‍ത്തും അതുപോലെ തന്നെ നിലനിര്‍ത്തുന്നുണ്ടെന്നാണ് ടീസറില്‍ നിന്നും മനസ്സിലാകുന്നത്. ശരിക്കും തെറ്റിനും പുറകിലുള്ള നീതിയെയും അനീതിയെയും കുറിച്ച് സംസാരിച്ച സിനിമയായിരുന്നു വിക്രം വേദ. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലെ അവതരണവും കഥാപാത്രങ്ങള്‍ക്ക് നല്‍കിയ ആഴവും ശ്രേദ്ധേയമായിരുന്നു.
വിജയ് സേതുപതിയുടെയും മാധവന്റെയും മികച്ച പ്രകടനത്താല്‍ കൂടി ചര്‍ച്ചയായ തമിഴ് പതിപ്പ് ഹൃതിക്കിലൂടെയും സെയ്ഫ് അലിഖാനിലൂടെയും ഹിന്ദി സംസാരിക്കുമ്പോള്‍ ഇരുവര്‍ക്കും പെര്‍ഫോര്‍മന്‍സ് എന്ന നിലയിലും നിര്‍ണായകമാണ്.
ടീസര്‍ പുറത്തിറങ്ങും മുന്‍പ് തന്നെ വിക്രം വേദയും ട്വീറ്ററില്‍ ബോയ്കോട്ട് ആരോപണങ്ങളില്‍പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ദ ബഹിഷ്‌കരണ ഭീഷണി നേരിട്ടപ്പോള്‍ ആമിര്‍ ഖാനെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ഹിന്ദി റീമേക്ക് ബോയ്‌കോട്ട് ഭീഷണി നേരിടുന്നത്. തമിഴിലെ നിര്‍മ്മാതാവായ എസ് ശശികാന്തിനൊപ്പം റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ഫ്രൈഡേ ഫിലിമി വര്‍ക്‌സും ടി സീരീസും ചേര്‍ന്നാണ് വിക്രം വേദ ഹിന്ദി നിര്‍മ്മിച്ചിരിക്കുന്നത്. സെപ്തംബര്‍ 30നാണ് റിലീസ്.