ഇത് പരിഹാരമോ അതോ ശിക്ഷയോ? അറപ്പ് തോന്നുന്നു; ബലാത്‌സംഗക്കേസിലെ സുപ്രീകോടതിയുടെ നിർദേശത്തെ വിമർശിച്ച് നടി തപ്‌സി പന്നു

ഇത് പരിഹാരമോ അതോ ശിക്ഷയോ? അറപ്പ് തോന്നുന്നു; ബലാത്‌സംഗക്കേസിലെ  സുപ്രീകോടതിയുടെ നിർദേശത്തെ വിമർശിച്ച് നടി തപ്‌സി പന്നു
Published on

പോക്‌സോ കേസിലെ ഇരയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ച സുപ്രീം കോടതിക്കെതിരെ രൂക്ഷ വിമര്‍ശനുമായി ബോളിവുഡ് നടി തപ്‌സി പന്നു. വിധിയോട് അറപ്പല്ലാതെ മറ്റൊന്നു തോന്നുന്നില്ലെന്നും എങ്ങനെയാണ് ഇങ്ങനെ ചോദിക്കാന്‍ സാധിക്കുന്നതെന്നും തപ്‌സി ട്വീറ്റ് ചെയ്തു.

‘ആ പെണ്‍കുട്ടിയോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നോ, തന്നെ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്ന്? എങ്ങനെ ഇങ്ങനെ ചോദിക്കാന്‍ കഴിയുന്നു? ഇത് പരിഹാരമോ അതോ ശിക്ഷയോ? അറപ്പ്, അത് മാത്രമാണ് തോന്നുന്നത്,’തപ്‌സി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പ്രതിഭാഗം അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്.

പെണ്‍കുട്ടിയെ വിവാഹം കഴിക്കാൻ ഞങ്ങള്‍ നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങളെ അറിയിക്കുക. അല്ലെങ്കില്‍ ഞങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന് നിങ്ങള്‍ പറയും’, എസ്.എ ബോബ്‌ഡെ പറഞ്ഞു.തന്റെ കക്ഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ഈ കേസില്‍ അറസ്റ്റുണ്ടായാല്‍ ജോലി നഷ്ടപ്പെടുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് സഹായിക്കാനാവും. ഇല്ലെങ്കില്‍ ജോലി നഷ്ടപ്പെട്ട് നിങ്ങള്‍ക്ക് ജയിലില്‍ പോകാമെനന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

അതേസമയം പൊലീസില്‍ പരാതി നല്‍കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് തന്റെ മാതാവ് അറിയിച്ചിരുന്നതാണെന്ന് പ്രതി കോടതിയെ അറിയിച്ചിരുന്നു. പ്രതിയുടെ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in