കൈകളില്‍ പാമ്പും എലികളുമായി സൂര്യയ്ക്ക് ആദരം; നന്ദി പ്രകടനവുമായി തമിഴ്‌നാട്ടിലെ ഗോത്രവിഭാഗക്കാര്‍

കൈകളില്‍ പാമ്പും എലികളുമായി സൂര്യയ്ക്ക് ആദരം; നന്ദി പ്രകടനവുമായി തമിഴ്‌നാട്ടിലെ ഗോത്രവിഭാഗക്കാര്‍
Published on

ജയ് ഭീമിലൂടെ തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിന്റെ ദുരവസ്ഥ വെളിച്ചെത്ത് എത്തിച്ചതിന് നടന്‍ സൂര്യയ്ക്ക് നന്ദി അറിച്ച് ഗോത്രവിഭാഗക്കാര്‍. തിങ്കളാഴ്ച മധുരൈ കളക്ട്രേറ്റിന് മുന്നില്‍ എലികളെയും പാമ്പിനെയും കൈകളില്‍ പിടിച്ച് പ്രതീകാത്മകമായാണ് ഇവര്‍ ആദരമറിയിച്ചത്. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തിലെ അന്‍പതോളം ആളുകളാണ് കളക്ട്രേറ്റിന് മുന്നില്‍ ഒത്തു കൂടിയത്.

ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ പരിതാപകരമായ ജീവിത സാഹചര്യങ്ങളും ജയ് ഭീമിലൂടെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയതിന് സൂര്യയോട് നന്ദിയുണ്ടെന്ന് തമിഴ്‌നാട് ട്രൈബല്‍ നോമാഡ്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് എം ആര്‍ മുരുകന്‍ പറഞ്ഞു. സിനിമക്കെതിരെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിഷേധത്തില്‍ സൂര്യയ്‌ക്കൊപ്പമാണ് തമിഴ്നാട്ടിലെ 20 ലക്ഷത്തോളം ഗോത്രവിഭാഗത്തില്‍പ്പെട്ടവരെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ജ്ഞാനവേലിനും വണ്ണിയാര്‍ സമുദായക്കാര്‍ നോട്ടീസ് അയച്ചിരുന്നു. വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീല്‍ നോട്ടീസയച്ചത്. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് നിര്‍മാതാക്കള്‍ മാപ്പ് പറയണം. ഏഴ് ദിവസത്തിനുള്ളില്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in