‘ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്’; പിങ്ക് റീമേക്കിനെതിരെ സ്ലട്ട് ഷെയ്മിംഗ്; മറുപടിയുമായി താരങ്ങള്‍
ഒരു സ്ത്രീ പുരുഷന്മാര്‍ക്കൊപ്പം മദ്യപിക്കുകയോ, രാത്രികാല പാര്‍ട്ടികളില്‍ പങ്കെടുക്കുകയോ, ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയോ ചെയ്താല്‍ അവളെ എന്തും ചെയ്യാം അല്ലെങ്കില്‍ അവള്‍ എന്തിനും തയ്യാറാണ് എന്ന പൊതു സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു അനിരുദ്ധ റായ് ചൗധരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘പിങ്ക്’. ചിത്രത്തിന്റെ തമിഴ് റീമേക്ക് ‘നേര്‍കൊണ്ട പാര്‍വ്വെ’ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്തിരിക്കുന്ന നേര്‍കൊണ്ട പാര്‍വ്വെയില്‍ അജിത്, ശ്രദ്ധ ശ്രീനാഥ്, വിദ്യാ ബാലന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് പതിപ്പിനെതിരെ സ്ലട്ട് ഷേയ്മിങ്ങ് നിറഞ്ഞ നിരൂപണം നടത്തിയ തമിഴിലെ ഒരു യൂട്യൂബ് ചാനലിനെതിരെ വ്യപകമായ പ്രതിഷേധം. വലൈപേച്ച് എന്ന യൂട്യൂബ് ചാനലിലെ അവതാരകരായ ആര്‍എസ് ആനന്ദം, ജെ ബിസ്മി, സി ശക്തിവേല്‍ എന്നിവര്‍ക്കെതിരെ പ്രേക്ഷകരും താരങ്ങളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ചാനല്‍ വീഡിയോ നീക്കം ചെയ്തു.
ചിത്രത്തിലെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ കഥാപാത്രം പബ്ബില്‍ പോകുന്ന, മദ്യപിക്കുന്ന, മുന്‍പ് സെക്‌സ് ചെയ്തിട്ടുള്ള സ്ത്രീ ആയതിനാല്‍ അവര്‍ ആക്രമിക്കപ്പെട്ടാല്‍ ആര്‍ക്കും ഒന്നും തോന്നില്ലെന്നായിരുന്നു വീഡിയോയില്‍ ആനന്ദം പറഞ്ഞത്.
അവര്‍ ഉപരിവര്‍ഗത്തില്‍ പെട്ട യുവതികളാണ്, അവര്‍ പബ്ബില്‍ പോകുന്നു, പത്തൊന്‍പതാം വയസ്സില്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു, പിന്നെ മറ്റ് രണ്ട് ചെറുപ്പക്കാരുമായി സെക്‌സ് ചെയ്തിട്ടുണ്ട്, ഇതെല്ലാം അറിയുമ്പോള്‍ ഈ സ്ത്രീകളോട് ആര്‍ക്കെങ്കിലും അനുകമ്പ തോന്നുമോ, ഇല്ല. അവര്‍ക്ക് എന്തു സംഭവിച്ചാലും ആള്‍ക്കാര്‍ക്കെന്താ
ആനന്ദം
പിങ്ക് ബോളിവുഡ് ചിത്രമാണ്. നോര്‍ത്തില്‍ പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുന്നതുന്നും, സെക്‌സ് ചെയ്യുന്നതുമെല്ലാം സാധാരണമായിരിക്കാം, പക്ഷേ തമിഴ്‌നാടിലെ സംസ്‌കാരം വ്യത്യസ്തമാണ്, ഈ കഥാപാത്രങ്ങള്‍ നമുക്ക് അറിയാത്തവരാണ്. അതുകൊണ്ടാണ് സ്‌ക്രീനില്‍ ഇവര്‍ക്ക് എന്ത് സംഭവിച്ചാലും നമുക്ക് ഒരു പ്രശ്‌നവും തോന്നാത്തത്.
ബിസ്മി
പബ്ബില്‍ പോകുന്ന, കന്യകയല്ലാത്ത പെണ്‍കുട്ടികളെ ആര്‍ക്കു വേണമെങ്കിലും എന്തും ചെയ്യാമെന്ന തരത്തിലായിരുന്നു അവതാരകര്‍ സംസാരിച്ചത്. മൂവര്‍ക്കുമെതിരെ ഗായിക ചിന്മയി, അഭിനേത്രിമാരായ ഓവിയ, വരലക്ഷ്മി ശരത്കുമാര്‍, നടന്‍ സിദ്ധാര്‍ഥ് തുടങ്ങിയവര്‍ ട്വിറ്ററിലൂടെ പ്രതിഷേധിച്ചു.
എല്ലാദിവസവും നടക്കുന്ന സ്ത്രീവിരുദ്ധത തന്നെയാണ് വീഡിയോയിലെന്ന് ചിന്മയി പ്രതികരിച്ചു. വലൈചചെപ്പ് എപ്പോഴും ഒരു മഞ്ഞപ്പത്രത്തിന്റെ ശൈലിയാണ് തുടര്‍ന്നു പോന്നതെന്നും അവരെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് വിളിക്കരുതെന്നും സിദ്ധാര്‍ഥും ട്വീറ്റ് ചെയ്തു.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചാനല്‍ മാപ്പു പറയുകയും വീഡിയോ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘ആടൈ’, ‘90എംഎല്‍’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്തും തമിഴ് സ്ത്രീകള്‍ ഇത്തരത്തില്‍ ജീവിക്കില്ല എന്നായിരുന്നു ചാനലിന്റെ നിരൂപണം. മുന്‍പ് ആന്‍ഡ്രിയ നയന്‍താര എന്നീ താരങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചാനല്‍ അവതാരകര്‍ പ്രതികരിച്ചിരുന്നു.
2017ലെ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സിനിമയായിരുന്നു ‘പിങ്ക്’.