നടന്‍ ധനുഷിന്റെ സിനിമാ വിലക്ക് പിന്‍വലിച്ച് തമിഴ് നിര്‍മാതാക്കള്‍. ഒന്നിലധികം നിര്‍മാതാക്കളില്‍ നിന്ന് പണം കൈപ്പറ്റിയതിന് ശേഷം അഭിനയിച്ചില്ലെന്ന് ആരോപിച്ചാണ് ധനുഷിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്. നിര്‍മാതാക്കളുടെ സംഘടനായ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ നടത്തിയ സംയുക്ത ചര്‍ച്ചയിലാണ് വ്യവസ്ഥകളോടെ വിലക്ക് നീക്കാന്‍ തീരുമാനമായത്. ജൂലൈയിലാണ് ധനുഷിനെ വിലക്കിക്കൊണ്ട് നിര്‍മാതാക്കളുടെ സംഘടന പ്രസ്താവന ഇറക്കിയത്. അഡ്വാന്‍സ് തുക കൈപ്പറ്റിയിട്ടും സിനിമകളില്‍ അഭിനയിക്കാന്‍ തയ്യാറാകാത്തതിനാല്‍, ധനുഷ് പുതിയതായി അഭിനയിക്കുന്ന എല്ലാ സിനിമകളുടെയും നിര്‍മ്മാതാക്കള്‍ കൗണ്‍സിലുമായി ബന്ധപ്പെടണം എന്നാണ് സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്.
തേനാന്‍ഡല്‍ ഫിലിംസ്, ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ് എന്നീ നിര്‍മാണ കമ്പനികളില്‍ നിന്ന് സിനിമകളുടെ ഭാഗമായി ധനുഷ് അഡ്വാന്‍സ് വാങ്ങിയിരുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് പല കാരണങ്ങളാല്‍ നടക്കാതെ പോകുകയായിരുന്നു. ചിത്രങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ സിനിമയുടെ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘടനയുടെ നടപടി.
ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിനൊപ്പം ഒരു സിനിമ ചെയ്യുമെന്നും തേനാന്‍ഡല്‍ ഫിലിംസില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കുമെന്നുമാണ് ധനുഷ് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത്. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിഷയം ഒത്തുതീര്‍പ്പാക്കാമെന്ന് നിര്‍മാതാക്കള്‍ സമ്മതിച്ചു. അവസാനം പുറത്തെത്തിയ ധനുഷ് ചിത്രം 'റായന്‍' തിയറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. ധനുഷിന്റെ തന്നെ സംവിധാനത്തില്‍ 'നിലവുക്ക് എന്‍മേല്‍ എന്നടി കോപം' എന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സംയുക്ത ചര്‍ച്ചയിലൂടെ പ്രശ്‌നത്തില്‍ പരിഹാരമുണ്ടായിരിക്കുന്നത്.
നിര്‍മാതാക്കളുമായി സഹകരിക്കാത്തതിനും മോശം പെരുമാറ്റത്തിനും ധനുഷ് നേരത്തെയും വിലക്ക് നേരിട്ടിട്ടുണ്ട്. ധനുഷിനോപ്പം ചിമ്പു, വിശാല്‍, അഥര്‍വ എന്നിവരെയും 2023 സെപ്റ്റംബര്‍ 13ന് ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയിരുന്നു. അതെ സമയം ധനുഷിന്റെ സംവിധാനത്തിലെത്തിയ 'റായന്‍' തമിഴ് നാട്ടിലെ തിയറ്ററുകള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. 160 കോടിയോളം രൂപയാണ് ചിത്രം കളക്ട് ചെയ്തത്. മലയാളി താരങ്ങളായ കാളിദാസ് ജയറാം, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.