പുകഴ്ത്തുന്നവര്‍ മാത്രം മതി, വിമര്‍ശിച്ചാല്‍ വക്കീല്‍ നോട്ടീസ്; നിരൂപകരെ ബഹിഷ്‌കരിക്കാന്‍ തമിഴ് നിര്‍മ്മാതാക്കള്‍

പുകഴ്ത്തുന്നവര്‍ മാത്രം മതി, വിമര്‍ശിച്ചാല്‍ വക്കീല്‍ നോട്ടീസ്; നിരൂപകരെ ബഹിഷ്‌കരിക്കാന്‍ തമിഴ് നിര്‍മ്മാതാക്കള്‍

Published on

സിനിമകളെ വിമര്‍ശിക്കുന്ന നിരൂപകരെ സിനിമാ ചടങ്ങുകളില്‍ നിന്ന് വിലക്കാനും നിയമനടപടി സ്വീകരിക്കാനും തമിഴ്‌നാട് പ്രൊഡ്യുസേഴ്‌സ് കൗണ്‍സില്‍. വിവിധ മാധ്യമങ്ങളിലൂടെ സിനിമകളെ വിമര്‍ശിച്ചുള്ള നിരൂപണമുണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം. സിനിമകളെയും താരങ്ങളെയും സംവിധായകരെയും വിമര്‍ശിക്കുന്നവരെ പിന്നീടുള്ള സിനിമാ സംബന്ധിയായ പരിപാടികളില്‍ നിന്ന് സമ്പൂര്‍ണമായി വിലക്കണമെന്നാണ് തമിഴ്‌നാട് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെയും സൗത്ത് ഇന്ത്യന്‍ പിആര്‍ഒ യൂണിയന്റെയും സംയുക്ത യോഗത്തിലെടുത്ത തീരുമാനം. സിനിമയെയും നായികാനായകന്‍മാരെയും സംവിധായകനെയും ചില നിരൂപകര്‍ തരംതാഴ്ത്തി കാണിക്കുന്നുവെന്നും സിനിമകളെ ഡീഗ്രേഡ് ചെയ്യുന്നത് വ്യാവസായികമായി നന്നായി ബാധിക്കുന്നുണ്ടെന്നുമാണ് യോഗത്തിലെ വിലയിരുത്തല്‍. ഫലത്തില്‍ തമിഴ് സിനിമകളെ കാര്യമായി വിമര്‍ശിച്ചാല്‍ അവരുമായി ചലച്ചിത്രമേഖല പിന്നീടങ്ങോട്ട് നിസഹകരിക്കുമെന്ന് ചുരുക്കം. ഇത്തരത്തില്‍ നിരൂപണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ വിശദീകരിക്കുന്നുണ്ട്.

റിവ്യൂ എന്ന പേരില്‍ ഒരാള്‍ സിനിമകളെയും, അഭിനേതാക്കള്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരെയും ഡീഗ്രേഡ് ചെയ്താല്‍ തുടര്‍ന്നുള്ള സിനിമാ ചടങ്ങുകളില്‍ ഇവരെ പ്രവേശിപ്പിക്കില്ല. കര്‍ശന നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന റിവ്യൂ നല്‍കുന്നവരുമായി മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് തമിഴ് നിര്‍മ്മാതാക്കളും പിആര്‍ഒ അസോസിയേഷനും തീരുമാനിച്ചിരിക്കുന്നത്. സിനിമകളെയും, അഭിനയിച്ചവരെയും സംവിധായകനെയും നിരൂപണത്തിലൂടെയോ, മാധ്യമങ്ങളിലൂടെയോ വിമര്‍ശിച്ചാല്‍ പ്രസ് ഷോ, സക്‌സസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നിവിടങ്ങളില്‍ അവരെ പ്രവേശിപ്പിക്കരുതെന്നാണ് സംഘടന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് സൂം, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമര്‍ശനത്തിന് കൂച്ചുവിലങ്ങിടാനുള്ള തീരുമാനമൊഴിച്ചാല്‍ തമിഴ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ചില നല്ല തീരുമാനങ്ങളും സംഘടന കൈക്കൊണ്ടിട്ടുണ്ട്. പൂജ,പ്രസ് മീറ്റ്, സക്‌സസ് മീറ്റ്, ഓഡിയോ ലോഞ്ച്, ട്രെയിലര്‍ ലോഞ്ച് എന്നീ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനങ്ങളോ, പ്രതിഫലമോ നല്‍കില്ല. നിര്‍മ്മാതാക്കളുടെ സംഘടനയും പി ആര്‍ ഒ അസോസിയേഷനും ഈ തീരുമാനം നടപ്പാക്കുന്ന കാര്യം ഉറപ്പുവരുത്തും. ഇത്തരം പരിപാടികളില്‍ ചായയും ചെറുപലഹാരങ്ങളും മാത്രം നല്‍കിയാല്‍ മതിയെന്നും സംഘടന തീരുമാനിച്ചിട്ടുണ്ട്.

ഈ രണ്ട് തീരുമാനങ്ങള്‍ക്ക് പിന്നാലെയാണ് ചലച്ചിത്ര വിമര്‍ശനത്തിന് മൂക്കുകയറിടാനുള്ള തീരുമാനം സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. റിവ്യൂ എന്ന പേരില്‍ ഒരാള്‍ സിനിമകളെയും, അഭിനേതാക്കള്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിവരെയും ഡീഗ്രേഡ് ചെയ്താല്‍ തുടര്‍ന്നുള്ള സിനിമാ ചടങ്ങുകളില്‍ ഇവരെ പ്രവേശിപ്പിക്കില്ല. കര്‍ശന നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

അര്‍ജുന്‍ റെഡ്ഡി ഹിന്ദി റീമേക്ക് കബീര്‍ സിംഗിലെ സ്ത്രീവിരുദ്ധ രംഗങ്ങളുടെ പേരില്‍ ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും പ്രധാന നിരൂപകര്‍ കുറഞ്ഞ റേറ്റിംഗ് നല്‍കിയതും ചലച്ചിത്രമേഖലയില്‍ എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. നിരൂപണങ്ങളെയും നിരൂപകരെയും പരിഹസിച്ച് സംവിധായകന്‍ സന്ദീപ് റെഡ്ഡി നടത്തിയ പ്രതികരണവും വിവാദമായിരുന്നു.

രജനീകാന്ത് ചിത്രം ടു പോയിന്റ് ഒ, സൂര്യയുടെ എന്‍ജികെ, വിശാല്‍ ചിത്രം അയോഗ്യ എന്നീ സിനിമകള്‍ക്ക് നിരൂപകര്‍ കുറഞ്ഞ റേറ്റിംഗ് നല്‍കിയതും വിമര്‍ശനമുണ്ടായതും ഇത്തരമൊരു തീരുമാനത്തിലെത്താന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

logo
The Cue
www.thecue.in